ആരാധകന്‍റെ മരണം ; ഷാരൂഖ്ഖാനെതിരെ ആരോപണങ്ങളുമായി ബി ജെ പി

തന്റെ പുതിയ ചിത്രത്തിന്റെ പ്രാചാരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് ഒരു ആരാധകന്‍ മരിക്കുവാനിടയായ സംഭവത്തില്‍ ഷാരൂഖ് ഖാനെതിരെ കടുത്ത ആരോപണങ്ങളുമായി ബി ജെ പി. സിനിമയുടെ പ്രചാരണം നടത്തുന്നവര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകൂടി കണക്കിലെടുക്കണമെന്ന് ദേശീയ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ജിയ പറയുന്നു. ഒരാളുടെ ജനപ്രീതി അളക്കുന്നത് അയാളെ കാണുവാന്‍ എത്തുന്ന ആളുകളുടെ എണ്ണം നോക്കിയല്ല , ദാവൂദ് ഇബ്രാഹീമിനെ കാണാന്‍ പോലും ജനങ്ങള്‍ തിക്കും തിരക്കും കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രാദേശിക നേതൃത്വവും ഷാരൂഖിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം താരം ഏറ്റെടുക്കണമെന്നും മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം താരം നല്‍കണം എന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് വഡോദര സ്‌റ്റേഷനില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. തന്റെ പുതിയ ചിത്രമായ റായീസിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് ഡല്‍ഹിയില്‍ പോകുന്ന വഴിക്കാണ് ഷാരൂഖ് സഞ്ചരിച്ച ട്രെയിന്‍ വഡോദര സ്‌റ്റേഷനില്‍ നിര്‍ത്തയപ്പോള്‍ താരത്തിനെ കാണുവാന്‍ തിക്കും തിരക്കും ഉണ്ടായത്. ആയിരക്കണക്കിന് ജനങ്ങളാണ് സ്റ്റേഷനില്‍ എത്തിയത്. ഷാരൂഖ് വന്ന ട്രെയിനിന്റെ ചില്ലുകള്‍ ആരാധകരുടെ ബഹളത്തില്‍ തകരുകയും ചെയ്തു. ട്രെയിന്‍ സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട സമയം ജനങ്ങള്‍ കൂടെ ഓടിയതും അതുപോലെ പ്ലാറ്റ്‌ഫോമില്‍ നിന്നും പുറത്തിറങ്ങുവാന്‍ തിക്കും തിരക്കും കൂട്ടിയതുമാണ് അപകടത്തിനു കാരണമായത്.