ട്രംപും മോദിയും ഇന്ന് സംസാരിക്കും ; സംസാരം ഫോണ്‍ വഴി
ന്യൂഡൽഹി : അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ന് ഫോണിൽ സംസാരിക്കും. വൈറ്റ് ഹൗസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രദേശിക സമയം ഉച്ചക്ക് ഒരു മണിക്ക് സംസാരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 11.30 നായിരിക്കും ഫോണ്‍ സംഭാഷണം. ജനുവരി 20 ന് സ്ഥാനമേറ്റെടുത്തതിന് ശേഷം ട്രംപ് ഫോണില്‍ വിളിക്കുന്ന അഞ്ചാമത്തെ രാഷ്ട്രത്തലവനാണ് മോദി. ജനുവരി 21ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രേൂഡോയെയും മെക്സിക്കൻ പ്രസിഡൻറ് പിന നീയേറ്റൊയെയും ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനെയും കഴിഞ്ഞ ദിവസം ഇൗജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫതാഹ് അൽ സീസിയെയും ട്രംപ് ഫോണിൽ വിളിച്ചിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് നവംബർ എട്ടിന് മോദി ട്രംപിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റശേഷം ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി മോദി ട്വീറ്റു ചെയ്തിരുന്നു. താന്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ട്രംപ് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പറഞ്ഞിരുന്നു.