നോട്ടു നിരോധനം ; ബാങ്കിങ്ങ് നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ ഫെബ്രുവരി കഴിയും

ന്യൂഡല്‍ഹി : നോട്ട് നിരോധനം മൂലം ബാങ്കിംഗ് മേഖലയില്‍ റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിക്കാന്‍ ഫെബ്രുവരി കഴിയണം എന്ന്‍ റിപ്പോര്‍ട്ട്. ആവശ്യത്തിന് നോട്ട് ലഭ്യമാകുന്നതോടെ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ സാധാരണ നിലയിലാകുമെന്നാണ് സൂചന. എസ്.ബിഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി അവസാനമാകുമ്പോഴേക്കും പിന്‍വലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തും. പിന്‍വലിക്കുന്ന പണത്തിനുമേലുള്ള നിയന്ത്രങ്ങള്‍ ഫെബ്രുവരി അവസാനത്തോടെ അല്ലെങ്കില്‍ മാര്‍ച്ച് പകുതിയോടെ റിസര്‍വ് ബാങ്ക് പൂര്‍ണമായും എടുത്ത് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍കെ ഗുപ്ത പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ കാര്യങ്ങള്‍ സാധാരണ നിലയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള പ്രതിസന്ധി എന്നത്തേക്ക് പരിഹരിക്കാനാകുമെന്നതില്‍ ആര്‍ബിഐ വ്യക്തമായ സമയ പരിധി നല്‍കിയിട്ടില്ല. ആര്‍ബിഐയുടെ കണക്ക് പ്രകാരം ഇതുവരെ 9.2 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിതരണം ചെയ്തിട്ടുള്ളത്. അതേസമയം ജനുവരി മുതല്‍ ബാങ്കില്‍ നിന്നും ഒരു ദിവസം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 10000മായി ഉയര്‍ത്തിയിരുന്നു. ഒരാഴ്ചയിലെ പരിധി സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് 24000മായും കറന്റ് അക്കൗണ്ടുകള്‍ക്ക് ഒരു ലക്ഷമായും ഉയര്‍ത്തിയിരുന്നു. എടിഎം വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി 2500ല്‍ നിന്ന് 4500 ആയി ഉയര്‍ത്തിയിരുന്നു.