മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇനി അമേരിക്കയില്‍ പ്രവേശിക്കാന്‍ നല്ല പോലെ ബുദ്ധിമുട്ടും

വാഷിങ്ടൺ:  ഭാവിയില്‍ മുസ്ലിംങ്ങള്‍ക്ക് സ്വപ്നം പോലും കാണുവാന്‍ പറ്റാത്ത രാജ്യമായി അമേരിക്ക മാറുന്നതിന്‍റെ ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപ്  തുടക്കംകുറിച്ചു. അതിന്റെ ആദ്യപടിയായി  ഏഴ് മുസ്ലിം രാജ്യങ്ങളിലുള്ളവർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന ഉത്തരവിൽ യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു. ട്രംപിന്‍റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.  ഇറാൻ, ഇറാഖ്, ലിബിയ, സോമാലിയ, സുഡാൻ, സിറിയ, യെമൻ എന്നീ മുസ്ലിം രാജ്യങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഈ രാജ്യങ്ങളിലെ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്ക് കടുത്ത നിയന്ത്രണത്തിൽ നിന്ന് ഇളവ് ലഭിക്കും. എന്നാൽ ഏകദേശം മൂന്ന് മാസത്തേക്ക് അഭയാർഥികളുടെ കുടിയേറ്റം സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കേണ്ടിവരുമെന്നാണ് സൂചന. തീവ്രവാദികളായ മുസ്ലിങ്ങളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ വേണ്ടിയാണ് നടപടിയെന്ന് ഇതേക്കുറിച്ച് പെന്‍റഗണിൽ ട്രംപ് വിശദീകരിച്ചു. നമ്മുടെ രാജ്യത്തെ അംഗീകരിക്കുകയും ജനങ്ങളെ സ്നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ നമുക്കാവശ്യമുള്ളൂ.  വിദേശികളായ ഭീകരരിൽ നിന്ന് അമേരിക്കയെ രക്ഷിക്കുന്നതിനാണ് ഈ ഉത്തരവെന്നും ട്രംപ് പറഞ്ഞു. വിദേശത്തു നിന്നുള്ള സന്ദർശകരേയും അഭയാർഥികളേയും നിയന്ത്രിക്കുന്നതായിരിക്കും ട്രംപ് ഒപ്പുവെച്ച പുതിയ കുടിയേറ്റ നിയന്ത്രണ ഉത്തരവ്. അതേസമയം  നോബേൽ സമ്മാന ജേതാവായ മലാലയും ഫേസ്ബുക് സി.ഇ.ഒ സക്കർബർഗും ഇപ്പോൾ തന്നെ ബില്ലിനെതിരെ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുണ്ട്.