സര്‍ക്കാരിനെയും സമരത്തെയും വെല്ലുവിളിച്ച് ലക്ഷ്മിനായര്‍ ; ആര് പറഞ്ഞാലും രാജിവെക്കില്ല

തിരുവനന്തപുരം :  ആര് പറഞ്ഞാലും ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍ സ്ഥാനം താന്‍ രാജിവെക്കില്ല എന്ന്   ലക്ഷ്മി നായര്‍. സിന്‍ഡിക്കേറ്റ് യോഗത്തില്‍ അവതരിപ്പിച്ചത് ഏകപക്ഷീയമായ റിപ്പോര്‍ട്ട് ആണെന്നും   തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ലോ അക്കാദമി തുറക്കുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. കോളേജ് തുറന്നു കഴിഞ്ഞാല്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. സിന്‍ഡിക്കേറ്റ് ഉപസമിതി ചില വിദ്യാര്‍ഥികളില്‍ നിന്നുമാത്രമാണ് തെളിവെടുത്തത്. അധ്യാപകരോടും എന്നോടും പേരിന് ഒന്നു രണ്ടു ചോദ്യങ്ങള്‍ മാത്രമാണ് ചേദിച്ചത്. തനിക്ക് വിലക്കേര്‍പ്പെടുത്തിയ സിന്‍ഡിക്കേറ്റ് യോഗ തീരുമാനത്തിന് മേല്‍ സര്‍ക്കാര്‍ നടപടി ഉണ്ടായാല്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. ഒരു ലോറിയില്‍ കൊണ്ടുപോകേണ്ട അത്ര രേഖകളാണ് സിന്‍ഡിക്കേറ്റ് രണ്ടുദിവസം കൊണ്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്. മൂന്നുവര്‍ഷത്തെ രേഖകള്‍ അവര്‍ ചോദിച്ചു. അതുകൊണ്ടു തന്നെ ചിലത് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു.  താന്‍ രാജിവെയ്ക്കുന്ന പ്രശ്‌നമേയില്ല. അതുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. അത്തരത്തിലുളള ഒരു പ്രചാരണവും ശരിയല്ലന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി.   അതേസമയം തിരുവനന്തപുരം ലോ അക്കാദമി കോളെജ് പ്രിന്‍സിപ്പലായ ലക്ഷ്മിനായര്‍ക്കെതിരെ പോലീസ് കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.