അമേരിക്കന്‍ പൌരന്മാരെ വിലക്കുമെന്ന് ഇറാന്‍ ; ട്രംപിന്‍റെ ഉത്തരവിനെതിരെ ലോകവ്യാപക പ്രതിഷേധം
തെഹ്റാൻ : കുടിയേറ്റ വിഷയത്തിൽ അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ. അമേരിക്കൻ പൗരൻമാർക്ക് ഇറാനിൽ പ്രവേശനം അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ട്രംപിെൻറ തീരുമാനം മുസ്ലിം ജനതയെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും തീരുമാനം അക്രമണങ്ങളും തീവ്രവാദവും വർധിക്കാൻ കാരണമാവുമെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. നേരത്തെ മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കാനുള്ള തീരുമാനത്തെ പരോക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻറ് ഹസൻ റുഹാനി രംഗത്തെത്തിയിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ മതിലുകള്‍ കെട്ടിത്തിരിക്കേണ്ട കാലമല്ല ഇതെന്ന് ട്രംപിന്‍െറ പേരു പരാമര്‍ശിക്കാതെ ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് ബര്‍ലിന്‍ മതില്‍ കടപുഴകിയത് അവര്‍ മറന്നുകാണും. സമാധാനപരമായ സഹവര്‍ത്തിത്വം ഉറപ്പാക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ ഉത്തരവ് പുറത്തിറങ്ങിയ ഉടന്‍ തന്നെ മധ്യപൂര്‍വ ദേശത്ത് നിന്നുള്ള യാത്രക്കാരെ അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ തടഞ്ഞ് തിരിച്ചയച്ചു. പല വിമാനത്താവളങ്ങളിലും പ്രതിഷേധങ്ങള്‍ ഉണ്ടായി.ഇനിയൊരറിയിപ്പുണ്ടാകുംവരെ സിറിയന്‍ അഭയാര്‍ഥികളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ല. ഇറാഖ്, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിസ നല്‍കുന്നതും നിര്‍ത്തിവെച്ചു. അതേസമയം യു.എന്നും ഫ്രാന്‍സും ജര്‍മ്മനിയും ട്രംപിന്റെ തീരുമാനത്തില്‍ ആശങ്ക അറിയിച്ചു. കൂടാതെ ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗും നൊബേല്‍ ജേതാവ് മലാല യൂസുഫ്സായിയും അടക്കമുള്ളവര്‍ ഉത്തരവിനെതിരെ രംഗത്തുവന്നു. പ്രതിഭകള്‍ അമേരിക്കയിലേക്കെത്തുന്നത് ഈ ഉത്തരവ് കാരണം തടയപ്പെടുമെന്ന് ഗൂഗിള്‍ സി.ഇ.ഒ സിന്ദര്‍ പിച്ചൈ പറഞ്ഞു. ഉത്തരവിനെ തുടര്‍ന്ന് ഈ രാജ്യങ്ങളിലുള്ള ജീവനക്കാരോട് അടിയന്തരമായി അമേരിക്കയില്‍ മടങ്ങിയെത്താന്‍ ഗൂഗിള്‍ നിര്‍ദേശിച്ചു