രാജ്യത്തിനെ നാണംകെടുത്താന്‍ വീണ്ടും ഡല്‍ഹി ; യുവാവിനെ നാലംഗസംഘം ക്രൂരമായി ബലാല്‍സംഗം ചെയ്തു

ബലാല്‍സംഗങ്ങളുടെ പേരില്‍ ലോകമാപ്പില്‍ കുപ്രസിദ്ധി നേടിയ സ്ഥലമാണ്‌ രാജ്യതലസ്ഥാനമായ ഡല്‍ഹി. ഓടുന്ന ബസ്സില്‍ നിര്‍ഭയ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊല്ലപ്പെട്ടപ്പോള്‍ ലോകമാധ്യമങ്ങള്‍ വരെ അത് വലിയ വാര്‍ത്തയായിട്ടാണ് നല്‍കിയത്. ആ വാര്‍ത്ത‍ അവിടെ അവസാനിച്ചില്ല അതിനുശേഷവും ധാരാളം നിര്‍ഭയമാര്‍ ബലാല്‍സംഗത്തിനു ഇരയായി കൊല്ലപ്പെട്ടു ചിലര്‍ ആത്മഹത്യ ചെയ്തു. എന്നിട്ടും മാധ്യമങ്ങളില്‍ പീഡനവാര്‍ത്തകള്‍ അവസാനിക്കുന്നില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും രക്ഷയില്ലാത്ത ഇടമാണ് ഡല്‍ഹി എന്ന് മാറ്റിവായിക്കേണ്ടി വരും. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ അവിടെ അരങ്ങേറിയത്.  ഡല്‍ഹിയില്‍  യുവാവ് ക്രൂരമായ പീഡനത്തിന് ഇരയായി. തെക്കന്‍ ഡല്‍ഹിയിലെ ഗോവിന്ദ്പുരിയിലുള്ള 26 കാരനെയാണ് നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതികളെ കുറിച്ച് യുവാവിന് അറിയാം. ഇതുസംബന്ധിച്ച് യുവാവ് നല്‍കിയ മൊഴി പോലിസ് രേഖപ്പെടുത്തി. പ്രതികള്‍ മണിക്കൂറുകള്‍ക്കകം വലയിലാവുമെന്ന് മുതിര്‍ന്ന പോലിസ് ഓഫിസര്‍ പറഞ്ഞു. ജനുവരി 29നാണ് പീഡനം നടന്നത്. നാല് പേര്‍ ചേര്‍ന്ന് യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തി പ്രകൃതി വിരുദ്ധമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു. എതിര്‍ത്ത യുവാവിനെ അവര്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കല്ലു കൊണ്ട് തലക്കടിച്ച് മുറിവേല്‍പ്പിച്ചു. തുഗ്ലക്കാബാദ് എക്‌സ്ഷന്‍ഷനിലാണ് യുവാവ് താമസം. ഇയാളുടെ പിതാവ് ഒരു കട നടത്തുകയാണ്. സംഗം വിഹാറിലുള്ള അമ്മായിയുടെ വീട്ടിലേക്ക് സംഭവ ദിവസം രാത്രി ഒമ്പതു മണിക്ക് പോകവെയാണ് പ്രതികള്‍ പിടികൂടിയത്. ഒരാളെ പ്രതിക്കറിയാം. ഇയാള്‍ വിളിച്ചതു കേട്ടാണ് നിന്നത്. ഈ സമയം മറ്റുള്ളവര്‍ പിന്നിലൂടെ എത്തി പിടിക്കുകയായിരുന്നു.