ലക്ഷ്മി നായര്‍ക്ക് കിട്ടിയ ബിരുദവും വ്യാജന്‍ എന്ന് സംശയം
ലോ അക്കാദമി വിവാദം അവസാനമില്ലാതെ തുടരുമ്പോള്‍ , ലക്ഷ്മി നായര്‍ക്ക് എതിരെ പുതിയ പുതിയ ആരോപണങ്ങള്‍ ഉയരുകയാണ്. ഇപ്പോളിതാ ലക്ഷ്മി നായരുടെയും സഹോദരന്റെയും വിദ്യാഭ്യാസ യോഗ്യതയും സംശയത്തില്‍ നിഴലില്‍ .വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് ലക്ഷ്മി നായരെ പ്രിന്‍സിപ്പള്‍ സ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും വിവാദങ്ങള്‍ തീരുന്നില്ല. ലക്ഷ്മി നായരുടെ ഡോക്ടറേറ്റ് ബിരുദത്തെ സംബന്ധിച്ചാണ് പുതിയ പരാതി. ലക്ഷ്മി നായരുടെയും സഹോദരന്‌റെയും ഗവേഷണ പ്രബന്ധങ്ങളും മാർക്കും ചാൻസിലറായ ഗവര്‍ണര്‍ പരിശോധിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഇതേക്കുറിച്ച് സമഗ്ര അന്വേഷണത്തിനായി ഗവര്‍ണ്ണറേയും വിദ്യാഭ്യാസ മന്ത്രിയേയും സമീപിച്ചിരിക്കുകയാണ് പരാതിക്കാര്‍.
കേരള സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ആയിരുന്ന ജെ.വി വിളനിലത്തിനെതിരെ, വിദ്യാര്‍ത്ഥി സമരം കത്തിനിന്ന 1990കളില്‍ സിന്‍ഡിക്കേറ്റ് അംഗമായിരുന്നു, ലക്ഷ്മി നായരുടെ അച്ഛനും ലോ അക്കാദമി ഡയറക്ടറുമായ ഡോ. എന്‍ നാരായണന്‍ നായര്‍. ഭരണസ്തംഭനം മുതലെടുത്ത് നാരായണന്‍ നായര്‍ അനധികൃതമായി മക്കള്‍ക്ക് ബിരുദവും ബിരുദാനന്തര ബിരുദവും നേടിക്കൊടുത്തു എന്നാണ് ആക്ഷേപം. അന്ന് സര്‍വ്വകലാശാല നിയമ വകുപ്പ് മേധാവിയും ഡീനുമായിരുന്നത് ഇരുവരുടേയും അമ്മാവന്‍ എന്‍.കെ ജയകുമാറായിരുന്നു. അച്ഛനും അമ്മാവനും താക്കോല്‍ സ്ഥാനത്തുണ്ടായിരുന്നപ്പോള്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണ്ണയം ചെയ്തതും ലോ അക്കാദമിയിലെ അധ്യാപകര്‍ തന്നെയായിരുന്നു.
ഭാവി മരുമകള്‍ക്ക് അനധികൃതമായി മാര്‍ക്ക് നല്‍കിയെന്ന് വ്യക്തമായതിന് പിന്നാലെയാണ്, ലക്ഷ്മി നായരുടെ ബിരുദത്തിലും സംശയം ഉയരുന്നത്. ലക്ഷ്മി നായരുടെ മകളുടെ റാങ്ക് മാറ്റമാണ് മറ്റൊരു വിവാദം. ഒന്നാം റാങ്ക് മൂന്നാം റാങ്കായതിനെ കുറിച്ച്, സര്‍വ്വകലാശാല അന്വേഷണം പോലും നടത്തിയില്ലെന്നാണ് ആക്ഷേപം. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് പുതിയ പരാതികള്‍ ഉയരുമ്പോഴാണ് പഴയ സംഭവങ്ങള്‍ കൂടി അന്വേഷിക്കണമെന്ന ആവശ്യം ഉയരുന്നത്.ലക്ഷ്മി നായരുടെ മകന്‍ വിഷ്ണു വിവാഹം ചെയ്യാന്‍ പോകുന്ന പെണ്‍കുട്ടി ഇപ്പോള്‍ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥിനി ആണ്. ഈ പെണ്‍കുട്ടിയ്ക്ക് ഇന്‌റേണല്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നതും, ഇവരുടെ അധികാര പ്രയോഗത്തെയും തുടര്‍ന്നാണ് ലേഡിസ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ ആദ്യം പ്രതിഷേധം തുടങ്ങിയത്. ലക്ഷ്മി നായരുടെ ഭാവി മരുമകളുടെ മാര്‍ക്ക് ലിസ്റ്റ് പരിശോധിച്ചതില്‍ നിന്ന് ഈ പെണ്‍കുട്ടിയ്ക്ക് അധ്യാപകര്‍ അനര്‍ഹമായി മാര്‍ക്ക് നല്‍കിയിരുന്നെന്ന് സിന്‍ഡിക്കേറ്റ് സമിതി കണ്ടെത്തിയിരുന്നു.