ഇല്ലം ചുട്ടു പള്ളി വാങ്ങുന്നവര്‍: അമേരിക്കയില്‍ സീറോ മലബാര്‍ സഭയും ക്‌നാനായ സമുദായവും തമ്മിലെന്താണ്?
ഷിക്കാഗോ: വിദേശങ്ങളില്‍ വസിക്കുന്ന മലയാളികള്‍ക്കിടയില്‍ അവരവരുടെ സഭകളുടെ പേരില്‍ സ്വന്തമായ പള്ളികള്‍ വാങ്ങിക്കുന്നത് ഒരു ഹരമായിരുന്നു, പ്രത്യേകിച്ചും ക്‌നാനായക്കാരുടെ ഇടയില്‍. വിശ്വാസികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ വളര്‍ത്തി പള്ളിവാങ്ങലിനെ സമുദായത്തിന്റെ അല്ലെങ്കില്‍ സഭയുടെ ഒരു ശക്തിപ്രകടനമായിട്ടാണ് ഇന്ന് സഭാധികാരികള്‍ കാണുന്നത്.
സഭയെ സംബന്ധിച്ച് ഇത് സഭയുടെ ഭൗതിക ഭദ്രതയുടേയോ നിലനില്പിന്റേയോ പ്രശ്‌നമായിരിക്കാം. തങ്ങള്‍ ഇത്രയും നാള്‍ ആസ്വദിച്ചുപോന്നിരുന്ന അധികാരവും ഉന്നത സ്ഥാനവും കൈവിട്ടു പോകുമോ എന്ന ഭയം ഏതു വിഡ്ഢിവേഷം കെട്ടുവാനും എന്തു ഹീനകൃത്യം ചെയ്യുന്നതിനും മടിക്കില്ല എന്ന രീതിയിലേക്ക് സഭാധികാരികളെ അധപ്പതിപ്പിച്ചിരിക്കുന്നു. അതിന്റെ പ്രതിഫലനം ഇന്ന് നമ്മുടെ സമൂഹത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇത് കെട്ടുകഥയല്ല, നമുക്കിടയില്‍ ഇന്നു നടമാടിക്കൊണ്ടിരിക്കുന്ന നഗ്‌നസത്യമാണ്!
പള്ളികള്‍ വാങ്ങിക്കുവാന്‍ തീവ്രമായി നിലകൊള്ളുന്നവര്‍ മറ്റാരുടെയും ചിലവിലല്ല കഴിയുന്നത്. നിങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട് എന്നതുപോലെ തന്നെ തങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണംകൊണ്ട് ആവശ്യമില്ലാതെ പള്ളികള്‍ വാങ്ങി ധൂര്‍ത്തടിച്ചു് സമുദായ അംഗങ്ങള്‍ക്ക് സാമ്പത്തിക ഭാരം വരുത്തിവയ്ക്കുവാന്‍ നല്‍കില്ല എന്നു തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കും ഉണ്ട് എന്നതും അംഗീകരിക്കണം.
ന്യൂനപക്ഷ തീരുമാനത്താല്‍ പള്ളികള്‍ വാങ്ങി ക്രമേണ അതിന്റെ ഭാരം കൂദാശകള്‍ സ്വീകരിക്കുവാന്‍ വരുമ്പോള്‍ കുടിശ്ശികയുടെ പേരും പറഞ്ഞു പിടിച്ചു വാങ്ങികൊണ്ടിരുന്ന പ്രവണത ഇനിയും മുന്‍പോട്ടു തുടരുവാന്‍ സാധിക്കില്ല എന്നത് പള്ളി വാങ്ങുവാന്‍ മുന്‍കൈ എടുക്കുന്നവര്‍ ഓര്‍മ്മിക്കുക. ഏതു റൈറ്റില്‍ പെട്ടവരായാലും വത്തിക്കാന് കീഴിലുള്ള ഏതു കത്തോലിക്കാപള്ളികളില്‍ നിന്നും കൂദാശകള്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് കൂദാശകള്‍ നിഷേധിക്കരുതെന്നും ആരെങ്കിലും നിഷേധിച്ചാല്‍ വത്തിക്കാനെ നേരിട്ട് അറിയിക്കുവാനുള്ള വിലാസവും ഫോണ്‍ നമ്പരും അടങ്ങുന്ന വത്തിക്കാനില്‍നിന്നു ലഭിച്ച കത്ത്, മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചത് എല്ലാവരും കണ്ടിട്ടുണ്ടാവും. നമ്മുടെ സഭാധികാരികള്‍ ചെയ്യുന്ന തെറ്റുകള്‍ വത്തിക്കാന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ടെന്നു സാരം.
പള്ളി വാങ്ങുന്നതിന്റെ കടം കൂടാതെ ഒരിക്കലും തീരുകയില്ലാത്ത ഹീറ്റിംഗ്/എയര്‍-കണ്ടിഷനിംഗ് തുടങ്ങിയുള്ള മറ്റു മരാമത്തു ബില്ലുകള്‍, വൈദികരുടെ ശമ്പളം, കാര്‍, ഇന്‍ഷുറന്‍സ്, റിട്ടയര്‍മെന്റ് ഫണ്ട് എന്നുതുടങ്ങി കുഞ്ഞാടുകളില്‍ നിന്ന് മേടിച്ചെടുക്കാവുന്ന എല്ലാവിധ ചിലവുകളും നാം തന്നെ വഹിക്കേണ്ടിവരുമെന്നത് സ്വാര്‍ത്ഥരായി ചിന്തിക്കുന്നവര്‍ വെളിപ്പെടുത്തിയെന്നു വരില്ല. വിശ്വാസത്താല്‍ അന്ധത ബാധിച്ചിരിക്കുന്നവര്‍ പള്ളിക്കാര്‍ ചെയ്യുന്ന തെറ്റുകള്‍ തെറ്റുകളായി കാണാറില്ല.
അതിലുപരി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിയുന്ന നമ്മുടെ സ്വന്തം തലമുറ ഇപ്പോള്‍ തന്നെ ഈ മലയാളം പള്ളികളിലേക്ക് തിരിഞ്ഞു നോക്കാറില്ല എന്നിരിക്കെ നിങ്ങള്‍ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ ഇതിന്റെ തുടര്‍നടത്തിപ്പു ഭാരവും നിങ്ങളുടെ തലയില്‍ തന്നെയാവും. തങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടില്‍നിന്നും പെന്‍ഷന്‍ ഫണ്ടില്‍ നിന്നും നല്ല ഒരു വിഹിതം ഇതിനുവേണ്ടി മാറ്റിവയ്ക്കുവാന്‍ എത്രപേര്‍ക്ക് സാധിക്കും? അതിനു സാധിക്കാതെ വന്നാല്‍…? മലയാളം പള്ളികള്‍ വാങ്ങണമെന്ന് ശാഠ്യം പിടിക്കുന്നവര്‍ വാങ്ങിക്കൊള്ളുക. മറ്റാര്‍ക്കും നിങ്ങളെ തടയുവാന്‍ അധികാരം ഇല്ല.
റോക്ലാന്‍ഡ്ല്‍ കഴിഞ്ഞ വര്‍ഷം അടച്ചു പൂട്ടിപോയ സെന്റ് മേരീസ് പള്ളി ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെക്കോസ്ലോവാക്യകാര്‍ പണിയിച്ച പള്ളിയായിരുന്നു. ഇന്ന് നാം ചിന്തിച്ചിരുന്നപോലെ തങ്ങളുടെ കള്‍ച്ചര്‍ നിലനിര്‍ത്തുവാന്‍വേണ്ടി പണിയിച്ച പള്ളി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍, സാമ്പത്തിക ഭാരം അവര്‍ക്ക് താങ്ങാനാവാതെ വന്നപ്പോള്‍, ന്യൂയോര്‍ക്ക് അതിരൂപത ഏറ്റെടുത്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്ന്യൂയോര്‍ക്ക് അതിരൂപതയ്ക്ക് അതിന്റെ നടത്തിപ്പിന്റെ ചെലവ് വഹിക്കാനാവാതെ അടച്ചുപൂട്ടുകയുണ്ടായി. അന്ന് ചെക്കോസ്ലോവാക്യകാരുടെ അടുത്ത തലമുറയിലെ വിരലിലെണ്ണാവുന്ന ജനങ്ങളെ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു തുള്ളി കണ്ണുനീര്‍ വീഴ്ത്തുവാന്‍ അതിനുവേണ്ടി അദ്ധ്വാനിച്ചവര്‍ ആരും ഇല്ലായിരുന്നു.
ഇന്ന് അടഞ്ഞുകിടക്കുന്ന ആ പള്ളി വാങ്ങിക്കുവാന്‍ ക്‌നാനായക്കാര്‍ ശ്രമിക്കുന്നു എന്ന് ഇടയ്ക്ക് കേള്‍ക്കുകയുണ്ടായി. മറ്റുള്ളവരുടെ തെറ്റുകളില്‍നിന്നു പഠിക്കാതെ ‘അന്ധമായി സഭാധികാരികളെ പിന്തുണയ്ക്കുന്ന ഭക്തര്‍’ പറയുന്നതു കേട്ട് പള്ളികള്‍ വാങ്ങുവാന്‍ തുനിയുന്നവരെ മറ്റാര്‍ക്കും തടയുവാനാവില്ല, രക്ഷിക്കുവാനാവില്ല. വിദേശങ്ങളില്‍ സ്വന്തം കാലില്‍ നിന്നിട്ടും തെറ്റാണെങ്കില്‍ അത് തെറ്റാണ്, അതിനോട് യോജിക്കാന്‍ എനിക്കാവില്ല എന്ന് പറയുവാനുള്ള ധൈര്യം ഇനിയെങ്കിലും ആര്‍ജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെയെന്നാണ് നമുക്ക് സാധിക്കുക? പള്ളി വാങ്ങുന്നതിന് എതിരായി നിലകൊള്ളുന്ന സമുദായാഗംങ്ങള്‍ക്ക് ഇതില്‍ നിന്ന് പ്രത്യേക ലാഭമോ നഷ്ടമോ ഉണ്ടാകുന്നില്ല. തങ്ങളെപോലെതന്നെ നിങ്ങള്‍ അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന പണം നഷ്ട്ടപ്പെട്ടെങ്കിലോ എന്ന ചിന്തകൊണ്ടു മാത്രം പറയുന്നു എന്നു കരുതിയാല്‍ മതി.
നാട്ടില്‍ നാം വളര്‍ന്നുവന്ന കാലത്തെ ചിന്താഗതിയില്‍ നിന്നും മാറി നാം വസിക്കുന്നിടങ്ങളിലെ രീതികളുമായി കഴിയുന്നത്ര ഇഴുകിച്ചേര്‍ന്നു ജീവിക്കുവാന്‍ നാം ശ്രമിക്കേണ്ടതുണ്ട്. നമുക്കും നമ്മുടെ മക്കള്‍ക്കും മനസ്സിലാകുന്ന ഇംഗ്ലീഷ് ഭാഷയില്‍ അതാതു നാട്ടിലെ പള്ളികളില്‍നിന്നും ലഭിക്കുന്ന പ്രാര്‍ത്ഥനകളും കൂദാശകളും നമുക്ക് ആശ്രയമേകിയ രാജ്യങ്ങളില്‍ ലഭ്യമാണ്. അതിന്റെ സ്ഥാനത്തു മലയാളം കൂടുതല്‍ അറിയില്ലാത്ത നമ്മുടെ കുട്ടികളെ രക്ഷിക്കാനെന്ന പേരും പറഞ്ഞു സിറോമലബാര്‍ മലയാളം കുര്‍ബാന അടിച്ചേല്‍പ്പിക്കുന്നത് കേരളത്തിലെ പള്ളികളില്‍ മലയാളം കുര്‍ബാന മാറ്റി നാട്ടില്‍ ഇന്ന് ആര്‍ക്കും മനസ്സിലാകില്ലാത്ത സുറിയാനി കുര്‍ബാന നടപ്പിലാക്കുന്നതിനു തുല്യമാണ്.
‘ആപത്തില്‍ സഹായിച്ചവരെ ഉപേക്ഷിക്കരുത്’ എന്ന ചൊല്ലുപോലെ, നമ്മുടെ ആവശ്യനേരങ്ങളില്‍ (നമ്മുടെ ജന്മനാടിനും നമ്മുടെ സമുദായങ്ങള്‍ക്കും നമ്മെ സംരക്ഷിക്കുവാന്‍ കഴിയാതിരുന്ന സമയത്തു്) നമുക്ക് ജോലി നല്‍കി, സാമ്പത്തിക ഭദ്രതയുണ്ടാക്കി, നമ്മുടെ മക്കളേയും അടുത്ത തലമുറയേയും സംരക്ഷിക്കുന്ന രാജ്യത്തേയും സമൂഹത്തെയും തള്ളിപ്പറയുന്നത്, സ്വാര്‍ത്ഥത മൂലം ഇന്ന് നമ്മുടെ സഭാ പിതാക്കന്മാരും ചില വൈദികരും ചെയ്യുന്ന ‘ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന’ നീചമായ പ്രവര്‍ത്തിക്കു തുല്യമാണ്.
നമുക്കും നമ്മുടെ മക്കള്‍ക്കും ആവശ്യനേരങ്ങളില്‍ തുണയും ആശ്രയവും സങ്കേതവുമായിരുന്ന, വിദേശ പള്ളികള്‍ക്ക് ഇന്ന് ആവശ്യമായ പ്രാണവായു നല്‍കേണ്ടത്തിനു പകരം അത്യാഗ്രഹം പൂണ്ട, സ്വാര്‍ത്ഥരായി നമ്മെ ഭിന്നിപ്പിക്കുന്ന, നാട്ടില്‍ ആര്‍ഭാടങ്ങളില്‍ മുഴുകി, സമ്പന്നരായി, ധാരാളിച്ചു ജീവിക്കുന്ന സിറോമലബാര്‍ പള്ളികളെയാണോ നാം വളര്‍ത്തേണ്ടത്? ഇത്തരം നന്ദികേട് വിശ്വാസികളെന്നു സ്വയം അഭിമാനിക്കുന്ന നമുക്ക് ചേര്‍ന്നതാണോ? ഇതാണോ നമ്മുടെ ദൈവം നമ്മില്‍നിന്നും ആഗ്രഹിക്കുന്നത്?
സമുദായത്തെ വെട്ടിമുറിച്ച്, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും തമ്മിലടിപ്പിച്ചു ഭിന്നിപ്പിച്ചു പള്ളികള്‍ വാങ്ങിച്ചും, ഫാമിലി കോണ്‍ഫറന്‍സ്, ഫാമിലി റിട്രീറ് എന്നൊക്കെ ഓമനപ്പേരും പറഞ്ഞു പാരലല്‍ കണ്‍വെന്‍ഷനുകള്‍ സൃഷ്ടിച്ചു നമ്മുടെ മക്കള്‍ക്ക് ഉപകാരപ്രദമാകേണ്ട സമുദായത്തെ നശിപ്പിക്കുന്ന നമ്മുടെ പുരോഹിത നേതൃത്വത്തിനും അതിന് കൂട്ടുനില്‍ക്കുന്ന ചില അല്‍മായ നേതാക്കളും ലജ്ജയില്ലാത്തവരായി, അവഹേളിതരായി തീരുന്നത് കാണുവാന്‍ അവര്‍ക്ക് കഴിയാത്തതെന്തേ? നമ്മെ ആല്മീയമായി രക്ഷിക്കാനെന്ന വ്യാജേന ഇറങ്ങിത്തിരിച്ചിരിക്കുന്നവരില്‍ നിന്നും സമുദായത്തെ രക്ഷപെടുത്തേണ്ട ചുമതല നമുക്കേവര്‍ക്കും ഉണ്ട്. നമ്മുടെ മക്കളെ നമ്മുടെ സമുദായത്തിലേക്ക് ആകര്‍ഷിക്കുവാന്‍ അവശേഷിച്ചിരിക്കുന്ന കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന് സഭയോടൊപ്പം ചേര്‍ന്ന്‌നിന്ന് തുരങ്കം വയ്ക്കുന്നവര്‍ സ്വന്തം മക്കളുടെ ഭാവിക്കാണ് തുരങ്കം വയ്ക്കുന്നതെന്നത് വിസ്മരിക്കരുത്. ദൈവവരപ്രസാദം നഷ്ടപ്പെടുത്തി സ്വാര്‍ഥതയ്ക്കും ഭൗതിക സമ്പത്തിനും വേണ്ടി ജീവിക്കുന്ന ചില ബിഷപ്പ്മാരെയും കുറച്ചു വൈദികരേയുംപോലെ തരംതാഴണമോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കുക.
റിപ്പോര്‍ട്ട്: ജോസഫ് സ്റ്റീഫന്‍ തോട്ടനാനിയില്‍
വാല്‍ക്കഷണം: ഇവിടെ കുറിച്ചിരിക്കുന്നത് വേറിട്ടുള്ള ചിന്താഗതികളാവാം.സമൂഹത്തിന്റെ നന്മയേയും വളര്‍ച്ചയേയും മാത്രം ഉദ്ദേശിച്ചുള്ളവയാണ്.ശരിയും തെറ്റും ഉണ്ടാവാം. തള്ളേണ്ടത് തള്ളുക, കൊള്ളേണ്ടതു കൊള്ളുക. നിങ്ങള്‍ എന്റെ ചിലവിലോ ഞാന്‍ നിങ്ങളുടെ ചിലവിലോ അല്ല കഴിയുന്നത്. അതുകൊണ്ട് തന്നെ അവഗണിക്കുവാനോ, അനുകൂലിക്കുവാനൊ, പ്രതികൂലിക്കുവാനൊ ഉള്ള സര്‍വ സ്വാതന്ത്ര്യവും നിങ്ങള്‍ ഏവര്‍ക്കും ഉണ്ട്.