വായ്പ തിരിച്ചടയ്ക്കുവാന്‍ ലോണ്‍ എടുത്ത വ്യക്തിയുടെ മുന്‍പില്‍ ബാങ്ക് ജീവനക്കാരുടെ സമരം

ലോണ്‍ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തവരുടെ വസ്തുവകകള്‍ ബാങ്കുകള്‍ ജപ്തി ചെയ്യുന്ന കാര്യം നാം ഏവര്‍ക്കും അറിയാവുന്ന ഒന്നാണ്.എന്നാല്‍ പലപ്പോഴും പട്ടിണി പാവങ്ങളുടെ വീടുകളിലാണ് ബാങ്കിന്റെ ഈ നടപടികള്‍ അരങ്ങേറുന്നത്. അതേസമയം കോടികളും ലക്ഷങ്ങളും വായ്പ എടുക്കുന്നവര്‍ കേസും കോടതിയുമായി നടന്ന് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുകയും ചെയ്യും. എന്നാല്‍ വായ്പ തിരിച്ചടിക്കാത്തവരെ കൊണ്ട് വായ്പ തിരിച്ചടപ്പിക്കാന്‍ വ്യത്യസ്തമായ ഒരു രീതിയാണ് കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വായ്പ തിരിച്ചടിക്കാത്തവരുടെ വീടിനു മുന്നില്‍ സമരം ചെയ്യുകയാണ് ബാങ്ക് ജീവനക്കാര്‍. ബാങ്കിന്റെ കിട്ടാക്കടം വര്‍ധിച്ച് 470 കോടിയായതോടെയാണ് കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ജീവനക്കാര്‍ രംഗത്തിറങ്ങിയത്. 50 ലക്ഷത്തിനു മുകളില്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവര്‍ക്കെതിരെയാണ് പ്രതിഷേധം. സംസ്ഥാനത്ത് മൂന്നുവര്‍ഷമായി വായ്പ തിരിച്ചടക്കാത്ത 35 പേരെയാണ് ബാങ്ക് കണ്ടെത്തിയിട്ടുള്ളത്. തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, ഇടുക്കി, തിരുവനന്തപുരം തുടങ്ങി ഇരുപത് സ്ഥലങ്ങളിലാണ് പ്രതിഷേധം. കിട്ടാക്കടം വര്‍ധിക്കുകയും മൂലധനം വര്‍ധിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ രണ്ടുവര്‍ഷമായി ബാങ്ക് നഷ്ടത്തിലായിരുന്നു. ജീവനക്കാരുടെ ശമ്പളത്തെയും ബാധിക്കുമെന്ന സ്ഥിതി വന്നു. അതോടെ കിട്ടാക്കടം നിയന്ത്രിക്കാനും തിരിച്ചടപ്പിക്കാനുമായി ബാങ്ക് മാനേജ്മെന്റ് ജീവനക്കാരുടെ അഭിപ്രായം തേടി. ഓരോ ജീവനക്കാരനും നിശ്ചിത അക്കൗണ്ട് നിരീക്ഷണത്തിനായി ഏല്‍പ്പിച്ചു. വായ്പ തിരിച്ചടക്കാനുള്ള സാമ്പത്തികസ്ഥിതി ഉണ്ടായിട്ടും തയ്യാറാവാത്തവരാണ് ഭൂരിഭാഗം പേരും. വായ്പയെടുത്തവരെ വ്യക്തിപരമായി അപമാനിക്കാനല്ല നീക്കമെന്നും ബാങ്കിന്റെ നിലനില്‍പ്പാണ് ലക്ഷ്യമിടുന്നതെന്നും ജീവനക്കാര്‍ പറയുന്നു.