‘കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വന്നേനെ’: മോദിയോട് ശിവസേന
മുംബൈ: കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദിക്ക് സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വന്നേനെയെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംനയുടെ എഡിറ്റോറിയലിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ കാലത്താണ് രാജ്യം വികസിച്ചത്. കോണ്‍ഗ്രസ് ഭരണം രാജ്യത്തെ ഉയര്‍ച്ചയിലെത്തിച്ചുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
1971ല്‍ ഇന്ദിരാഗാന്ധി പാകിസ്താനെ പാഠം പഠിപ്പിച്ചു. അവര്‍ ദേശ വിരുദ്ധരെ സംബന്ധിച്ച് ഇരട്ട നയം സ്വീകരിച്ചിരുന്നില്ല. ജനങ്ങളെ ദുരിതത്തിലാക്കുന്ന നോട്ടു അസാധുവാക്കല്‍ നടപടി സ്വീകരിച്ചില്ല. പകരം അവര്‍ ബാങ്കുകളെ ദേശസാല്‍ക്കരിച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ നല്‍കി. കമ്പ്യൂട്ടര്‍ എന്ന അതിനൂതന സംവിധാനത്തെ രാജ്യത്തേക്ക് കൊണ്ടുവന്നത് രാജീവ് ഗാന്ധിയുടെ കാലത്താണ്. സാങ്കേതിക രംഗത്ത് രാജീവ് ഇന്ത്യക്കു വികസന കുതിപ്പ് സമ്മാനിച്ചപ്പോള്‍ നരസിംഹ റാവുവും മന്‍മോഹന്‍ സിങും സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചു. 60 വര്‍ഷത്തിനിടെ ഇതൊന്നും സംഭവിച്ചില്ലായിരുന്നെങ്കില്‍ മോദിക്ക് ഇന്ന് സൊമാലിയ പോലൊരു രാഷ്ട്രം ഭരിക്കേണ്ടി വരുമെന്നായിരുന്നു മുഖപ്രസംഗം പറയുന്നത്.