‘ദുരന്തത്തിലേക്കുള്ള ടിക്കറ്റ്’; രാഹുലിനെ പരിഹസിച്ച് ബിജെപി

ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യാ സഖ്യത്തെ പരിഹസിച്ച് ബി.ജെ.പി. രാഹുല്‍ ഗാന്ധിയുടെ കാര്‍ട്ടൂണ്‍ എക്‌സില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് പരിഹാസം. രാഹുല്‍ ഒരു വിമാനത്തില്‍ പറക്കുന്നതായാണ് കാര്‍ട്ടൂണ്‍. ‘പുതിയ ബ്രാന്‍ഡ് (പഴയത്), ഹോട്ട് എയര്‍ ‘ഇന്ത്യ’, നിങ്ങളുടേത് ദുരന്തത്തിലേക്കുള്ള ടിക്കറ്റാണ്’ എന്നുമായിരുന്നു കാര്‍ട്ടൂണിന് നല്‍കിയ അടിക്കുറിപ്പ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് കഴിഞ്ഞ ദിവസം രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോത്ത് പറഞ്ഞിരുന്നു. 26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ചര്‍ച്ച ചെയ്ത് ഇന്ത്യാ സഖ്യത്തിന്റെ നേതാവായി രാഹുല്‍ ഗാന്ധിയെ തീരുമാനിച്ചെന്നും ഗെഹ്ലോത്ത് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ പരിഹാസം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി പോരാടാന്‍ പ്രതിപക്ഷനിരയെ രാഹുല്‍ ഗാന്ധി നയിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് രാഹുലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ഗെഹ്ലോത്ത് പ്രതികരിച്ചത്. ഇന്ത്യ സഖ്യത്തിലെ എല്ലാ പാര്‍ട്ടിക്കാരും ആലോചിച്ച് ഒരു തീരുമാനമെടുത്തിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ മുഖവും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും രാഹുല്‍ഗാന്ധിയാണെന്നുമായിരുന്നു ഗെഹ്ലോത്തിന്റെ പ്രതികരണം.