ഒടുവില്‍ അഴികള്‍ക്ക് പിറകില്‍: പരപ്പന അഗ്രഹാര സെല്‍ നമ്പര്‍ 10711


ബംഗളൂരൂ: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയെ ജയിലിലടച്ചു. ബംഗളൂരുവില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ, 40 ഏക്കര്‍ വിസ്തൃതിയുള്ള പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാകും ഇനിയുള്ള മൂന്നര വര്‍ഷം ശശികലയുടെ വാസം. ജയിലില്‍ ഇവര്‍ക്കായി പ്രത്യേക മുറിയും സഹായിയെയും ഒരുക്കിയിട്ടുണ്ട്.

ഇന്നലെ വൈകിട്ടാണ് നാലാം പ്രതിയും അനന്തരവളുമായ ഇളവരശിക്കൊപ്പം ശശികല അഗ്രഹാര ജയില്‍ വളപ്പിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയത്. സുരക്ഷാകാരണങ്ങളാലാണ് കീഴടങ്ങുന്നത് വിചാരണക്കോടതിയില്‍ നിന്ന് ജയില്‍ വളപ്പിലെ കോടതിയിലേക്ക് മാറ്റിയത്. കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നാം പ്രതി ജയലളിതയുടെ ‘ദത്തുപുത്രന്‍’ എന്നറിയപ്പെടുന്ന സുധാകരന്‍ വൈകിട്ട് ആറേ മുക്കാലിനാണ് കോടതിയില്‍ കീഴടങ്ങിയത്. റോഡ് മാര്‍ഗം വന്‍വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി കോടതിയിലെത്തിയത്. ശശികലയുടെ ഭര്‍ത്താവ് നടരാജനും മുതിര്‍ന്ന നേതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.