പഴനിസാമിയെ മുഖ്യമന്ത്രിയായി കാണുന്നതിലും ഭേദം മരിക്കുന്നത്: ജസ്റ്റിസ് കട്ജു


ന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി പളനിസാമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ‘ജയില്‍പ്പക്ഷി’യായ ശശികലയുടെ കയ്യിലെ പാവയായ പഴനിസാമിയെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫെയ്സ്ബുക്ക് പോസ്റ്റിലായിരുന്നു കട്ജുവിന്റെ വിമര്‍ശനം. ചോളന്മാരുടേയും പാണ്ഡ്യന്മാരുടേയും ചേരന്മാരുടേയും പിന്മുറക്കാരാണ് നിങ്ങള്‍. നിങ്ങളുടെ പൂര്‍വികര്‍ നിങ്ങളെയോര്‍ത്ത് നാണംകെടില്ലേയെന്ന് അദ്ദേഹം ചോദിക്കുന്നു.

തിരുവള്ളുവരുടേയും ഇളങ്കോയുടേയും കമ്പരുടേയും ആണ്ടാളുടേയും സുബ്രഹ്മണ്യ ഭാരതിയുടേയും പിന്മുറക്കാരായ നിങ്ങള്‍ക്ക് ഇത്തരത്തിലൊരു മാനക്കേടിനെ ഒരു ചെറുശബ്ദം പോലും പുറപ്പെടുവിക്കാതെ അംഗീകരിച്ചതില്‍ നാണമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

താന്‍ ഒരു തമിഴനല്ല. മാനക്കേടില്‍ ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാവാന്‍ ആഗ്രഹമില്ല. ഇതിലും ഭേദം മരിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.