ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യ മുഴുവന്‍ തീയിട്ട് ചാമ്പലാക്കുകയാണ് എന്ന രൂക്ഷ വിമര്‍ശനവുമായി കട്ജു

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. അസം നിന്ന് കത്തുമ്പോള്‍ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണവായിക്കുകയാണ് ആധുനിക നീറോമാര്‍ എന്നായിരുന്നു കട്ജുവിന്റെ പരിഹാസം. ഹനുമാന്‍ ലങ്ക മാത്രമായിരുന്നു തീയിട്ടിരുന്നതെങ്കില്‍ ഈ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യയെ മുഴുവന്‍ തീയിട്ട് ചാമ്പലാക്കുകയാണ് എന്നും കട്ജു ട്വിറ്ററില്‍ കുറിച്ചു.

ആദ്യം കശ്മീര്‍, ഇപ്പോള്‍ അസം ഇനി അടുത്തതായി ഏത് സംസ്ഥാനത്താണ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ വിലക്കാന്‍ പോകുന്നത് എന്നും കട്ജു ട്വിറ്ററില്‍ ചോദിച്ചു. ഭരണാധികാരികള്‍ക്ക് പരിഹാരം കാണാന്‍ കഴിയാത്ത ഇന്ത്യയെ പിടിമുറുക്കിയ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് യോഗ ദിനം, സ്വച്ഛതാ അഭിയാന്‍, രാം മന്ദിര്‍, പശു സംരക്ഷണം, ആര്‍ട്ടിക്കിള്‍ 370 നിര്‍ത്തലാക്കല്‍ തുടങ്ങിയവ പോലെ ഒരു പ്രഹസനം മാത്രമാണ് പൗരത്വഭേദഗതി ബില്‍. നാസി ജര്‍മ്മനിയിലെ ജൂതന്മാരെപ്പോലെ മുസ്ലീങ്ങളും ഒരു ബലിയാടാണ് മാര്‍ക്കണ്ഡേയ കട്ജു മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

”സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുക, സമൂഹത്തെ ധ്രുവീകരിക്കുക, ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുക, ഭയപ്പെടുത്തുക, ജനാധിപത്യത്തെ അടിച്ചമര്‍ത്തുന്ന നവ ഫാസിസ്റ്റ് സ്വഭാവം എന്നീ നയങ്ങളിലൂടെ രാജ്യത്തെ കാര്‍ന്നു തിന്നുന്ന യഥാര്‍ത്ഥ ചിതല്‍ ബിജെപിയാണ് എന്നാണ് എന്റെ അഭിപ്രായം.”   കട്ജു പറഞ്ഞു.