പൗരത്വ ബില്‍ ; കുട്ടികളെ പോലും വെറുതെ വിടാതെ പോലീസ് ക്രൂരത
ദല്‍ഹിയില്‍ പൗരത്വഭേദഗതി പ്രതിഷേധത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു ക്രൂരമായി മര്‍ദിച്ചു. ദല്‍ഹി ദാര്യഗഞ്ചില്‍ പൊലീസ് പിടിച്ചുകൊണ്ടുപോയ 14 കാരന്‍ ക്രൂരമര്‍ദ്ദനത്തിരയാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നത്. വസ്ത്രം നിറയെ രക്തവുമായി പൊലീസ് സ്റ്റേഷനിലെ നിലത്ത് ഇരിക്കുന്ന കുട്ടിയുടെ ചിത്രം ദി സിറ്റിസണ്‍ പത്രം പുറത്തു വിട്ടു.
മകനെ വിട്ടുകിട്ടാനായി പൊലീസ് സ്റ്റേഷന് പുറത്ത് പിതാവ് മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും കുട്ടിയെ വിട്ടുതരാന്‍ പൊലീസ് തയ്യാറായില്ലെന്ന് കുടുംബം പറഞ്ഞു. 18 കുട്ടികളെയായിരുന്നു പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ദാര്യഗഞ്ചില്‍ പൗരത്വഭേഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് വരുന്ന പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് നടത്തിയും കണ്ണീര്‍ വാതകം പ്രയോഗിച്ചുമായിരുന്നു പൊലീസ് നേരിട്ടത്.
ചിത്രത്തില്‍ കാണുന്നത് പ്രകാരം കുട്ടിയുടെ തലയ്ക്ക് മര്‍ദ്ദനം ഏറ്റിട്ടുണ്ട്. വസ്ത്രത്തില്‍ രക്തക്കറയും കാണാം. മര്‍ദ്ദനത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം തിരിച്ചുകൊണ്ടുവരികയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം കുട്ടിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ദല്‍ഹി ഗേറ്റില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവമെന്നും കുട്ടിക്ക് കൂടുതല്‍ ചികിത്സ ആവശ്യമാണെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുണ്ട്.
ലോക്കപ്പില്‍ വെച്ചാണ് പൊലീസ് തന്നെ മര്‍ദ്ദിച്ചതെന്നും തന്റെ പാന്റ് അഴിച്ചുമാറ്റിയ ശേഷം അവര്‍ ആക്രോശിച്ചെന്നും കുട്ടി പ്രതികരിച്ചു. 42 പേരെയാണ് ദര്യഗഞ്ച് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ 18 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരും മറ്റുള്ളവര്‍ 20നും 38നും ഇടയില്‍ പ്രായമുള്ളവരാണ്. 35 പേരെ സീമപുരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്തവരെല്ലാം ജമഅാ മസ്ജിദ്, ഉസ്മാനാബാദ് പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.
കസ്റ്റഡിയിലെടുത്ത പലര്‍ക്കും പരിക്കേറ്റിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയടക്കം അവര്‍ തല്ലിച്ചതച്ചു. പാന്റ് ഊരിയ ശേഷമാണ് മര്‍ദ്ദിച്ചതെന്നും ചൂടുള്ള തുണി ദേഹത്ത് വെച്ച് പീഡിപ്പിച്ചെന്നും കുട്ടികള്‍ പറഞ്ഞതായും അഭിഭാഷന്‍ ദി സിറ്റിസെണ്ണിനോട് പ്രതികരിച്ചു. കുട്ടികളെല്ലാ ഭയപ്പെട്ടിരിക്കുകയാണ് മാതാപിതാക്കള്‍ പറയുന്നു.
അതേസമയം തങ്ങള്‍ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ലെന്നും അവിടെ വെറുതെ നോക്കി നില്‍ക്കുകയായിരുന്നു എന്നും കുട്ടികള്‍ പറയുന്നു. 6 മണിക്ക് കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാരെ അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും വിട്ടയച്ചില്ലെന്നും അഭിഭാഷകര്‍ ദി സിറ്റിസെണ്ണിനോട് പറഞ്ഞു. തടവുകാരെ കാണാന്‍ അഭിഭാഷകരെ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നിന്നും ലഭിച്ച ഓര്‍ഡര്‍ കാണിച്ച ശേഷം മാത്രമാണ് ഇവരെ കാണാന്‍ അഭിഭാഷകര്‍ക്ക് പൊലീസ് അനുമതി നല്‍കിയത്.