കലാപം ഉണ്ടാക്കി എന്ന പേരില്‍ ഷാരൂഖ്‌ ഖാന് എതിരെ രാജസ്ഥാനില്‍ കേസ്

മുംബൈ :   ട്രെയിന്‍ യാത്രക്കിടെ  പൊതുമുതല്‍ നശിപ്പിച്ചു എന്ന പേരില്‍ ബോളിവുഡ്  താരം  ഷാറൂഖ് ഖാന് എതിരെ കേസ്. റെയില്‍വേ കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് രാജസ്ഥാന്‍ റെയില്‍വേ പൊലീസാണ് കേസെടുത്തത്. കലാപം, പൊതുമുതല്‍ നശിപ്പിക്കല്‍, നിയമവിരുദ്ധ സംഘം ചേരല്‍, ക്രമസമാധാനം തകര്‍ക്കല്‍, ഗൂഢാലോചന, മദ്യപിച്ചു ബഹളമുണ്ടാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഷാറൂഖിന് പുറമെ പ്രചാരണ യാത്ര സംഘടിപ്പിച്ചവര്‍ക്ക് എതിരെയും കേസുണ്ട്. രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്റ്റേഷന്‍ പ്ളാറ്റ്ഫോമില്‍ കച്ചവടക്കാരനായ വിക്രം സിങ് നല്‍കിയ ഹരജിയിലാണ് റെയില്‍വേ കോടതി ഉത്തരവ്. തന്‍റെ പുതിയ ചിത്രമായ  ‘റഈസ്’  ന്‍റെ  പ്രചരണാര്‍ഥം മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് ആഗസ്റ്റ് ക്രാന്തി എക്സ്പ്രസ് ട്രെയിനില്‍ നടത്തിയ യാത്രക്കിടെയാണ് കേസിന് കാരണമായ സംഭവം ഉണ്ടായത് . കഴിഞ്ഞ 23 ന് ട്രെയിന്‍ കോട്ട റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഷാറൂഖിനെ കാണാന്‍ ആരാധകര്‍ തടിച്ചുകൂടുകയായിരുന്നു. ട്രെയിനിന്‍െറ വാതില്‍ക്കല്‍ നിന്ന ഷാറൂഖ് എറിഞ്ഞു നല്‍കിയ സമ്മാനപ്പൊതി കൈപ്പറ്റാനുള്ള ആരാധകരുടെ ശ്രമം തിക്കുണ്ടാക്കുകയായിരുന്നു. ബഹളത്തിനിടെ തന്‍െറ ഉന്തുവണ്ടിയും അതില്‍ വില്‍പനക്കുണ്ടായിരുന്ന ഭക്ഷണപ്പൊതികളും നശിപ്പിച്ചെന്നും പണം നഷ്ടപ്പെട്ടെന്നും തനിക്ക് പരിക്കേറ്റെന്നുമാണ് വിക്രം ആരോപിച്ചത്. ഈ സംഭവത്തിന് തൊട്ടുമുമ്പ് ട്രെയിന്‍ ഗുജറാത്തിലെ വഡോദര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആരാധകര്‍ ബഹളമുണ്ടാകുകയും തിരക്കില്‍ ഷാറൂഖിനെ കാണാന്‍ എത്തിയ ഫരീദ് ഖാന്‍ മരിക്കുകയും ചെയ്തത് വിവാദമായിരുന്നു. കൂടാതെ ട്രെയിനിന്‍റെ ചില്ലുകളും സ്റ്റേഷനിലെ കസേരകളും മറ്റും തകര്‍ന്നിരുന്നു.ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ അതിനുമാത്രം പോലീസ് സ്ഥലത്ത് ഇല്ലായിരുന്നു. ഇതാണ് മുഖ്യമായും പ്രശ്നം രൂക്ഷമാകുവാന്‍ കാരണമായത്.