ബി സി സി ഐയെ വെല്ലുവിളിച്ച് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റ് കളത്തില്‍

വിലക്ക് നീക്കുവാന്‍ ബി സി സി ഐ തയ്യാറാകാത്തതിനെ തുടര്‍ന്ന്‍ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങി മുന്‍ ദേശിയ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഫെബ്രുവരി 19ന് എറണാകുളം ക്രിക്കറ്റ് ക്ലബ്ബിനായി ഫസ്റ്റ് ഡിവിഷനിലെ ലീഗ് മത്സരത്തില്‍ കളിക്കുമെന്ന് ശ്രീശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ”ആജീവനാന്ത വിലക്കുമായി ബന്ധപ്പെട്ട് എനിക്ക് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. പിന്നെ എന്തിനാണ് എന്നെ കളിപ്പിക്കാതിരിക്കുന്നത്? എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയഷേനെയും ബി.സി.സി.ഐ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടില്ല. ഞാന്‍ തിഹാര്‍ ജയിലിലായിരുന്നപ്പോള്‍ സസ്‌പെന്‍ഷന്‍ അറിയിച്ചുള്ള ഒരു കത്ത് മാത്രമാണ് എനിക്ക് ലഭിച്ചത്. സസ്‌പെന്‍ഷന്‍ കത്തിന് 90 ദിവസത്തെ കാലാവധി മാത്രമാണുള്ളത്. ഇതുവരെ ബി.സി.സി.ഐയില്‍ പ്രതീക്ഷയര്‍പ്പിച്ച് കളിക്കാതെ ഇരുന്നത് മണ്ടത്തരമായിപോയി എന്നും ശ്രീശാന്ത്‌ പറയുന്നു. തന്നെ കളിപ്പിക്കുകയാണെങ്കില്‍ ക്ലബ്ബിനെ വിലക്കാനുള്ള അവകാശം ബി.സി.സി.ഐക്കില്ലെന്നും തന്റെ വിലക്ക് ഔദ്യോഗികമായി അറിയിക്കാത്തിടത്തോളം കാലം ന്യായം തന്റെ പക്കലാണ് എന്നും അങ്ങനെ വിലക്കുകയാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമെന്നും ശ്രീശാന്ത് പറഞ്ഞു. നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റ് ലോകത്ത് തിരിച്ചെത്തുന്നത്. കൂടാതെ ഫെബ്രുവരി 19ന് എല്ലാം വിചാരിച്ച പോലെ നടക്കുകയാണെങ്കില്‍ സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ശ്രീശാന്ത് പങ്കുവെച്ചു.