തിരുവനന്തപുരത്ത് കാര്യവട്ടം കാമ്പസിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം

തിരുവനന്തപുരം :  തിരുവനന്തപുരത്തെ  കാര്യവട്ടം  ക്യാമ്പസിലെ  ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് അടുത്തുള്ള അക്ക്വേഷ്യ തോട്ടത്തില്‍ അജ്ഞാത  മൃതദേഹം കണ്ടെത്തി. രണ്ട് മരങ്ങള്‍ക്കിടയില്‍ തൊട്ടില്‍ പോലെ കെട്ടിയ മുണ്ടിനുള്ളിലാണ്  മൃതദേഹം കണ്ടെത്തിയത്. ക്യാമ്പസിലും പരിസരത്തും ഉണ്ടായിരുന്ന നാടോടിയാണ് മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കാര്യവട്ടം പ്രഥാന ക്യാമ്പസിന് മുമ്പായാണ് ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്‍്. ഇവിടെ ബോട്ടാണിക്കല്‍ ഗാര്‍ഡനായി മാറ്റിവച്ച സ്ഥലത്തോട് ചേര്‍ന്നുള്ള അക്ക്വേഷ്യ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു. പുരുഷന്റേത് എന്ന് കരുതുന്ന മൃതദേഹത്തിന് ഒരുമാസം പഴക്കമുണ്ട്. മൃതദേഹം അഴുകി അസ്ഥിക്കൂടം മാത്രമായ നിലയിലാണ്.  കൂടുതല്‍ പരിശേധനക്കായി ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. സ്വാഭാവിക മരണം ആയിരിക്കാമെന്നും സംഭവത്തില്‍ ദുരൂഹത ഇല്ലെന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍. അന്വേഷണം തുടരുന്നു. കാമ്പസിലെ കശുവണ്ടി പാട്ടത്തിനെടുത്തവരാണ് മൃദേഹം കണ്ടെത്തിയത്. ഇവര്‍ സര്‍വ്വകലാശാലയിലെ സെക്യൂരിറ്റിയെ വിവരമറിയിക്കുകയായിരുന്നു. പഴക്കം കൊണ്ട് അഴുകിയ നിലയിലുള്ള മൃതദേഹത്തില്‍നിന്ന് അസ്ഥികളും തലയോടും പുറത്തുചാടിയ നിലയിലായിരുന്നു.  ഇവിടെ ആള്‍ സഞ്ചാരം കുറവായതിനാലാണ് ഇത്രയും നാളായി വിവരം പുറംലോകം അറിയാതെ പോയത്.