പ്രവാസി പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കരുത്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ നേതൃത്വം
വിയന്ന/കോഴിക്കോട്: അപേക്ഷകരില്ല എന്ന കാരണത്താല്‍ പ്രവാസി പെന്‍ഷന്‍ പദ്ധതി നിറുത്തലാക്കുന്നത്തിനെതിരെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്ള്യു.എം.എഫ്). ക്ഷേമ പദ്ധതികളിലൊന്നിന്റെയും പരിരക്ഷ ലഭിക്കാത്ത സാധാരണക്കാരായ പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതി യാതൊരു സമയപരിധിയും നിശ്ചയിക്കാതെ പെട്ടെന്ന് നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ) എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
2012 ജനുവരിയിലാണ് പ്രവാസികള്‍ക്കായുള്ള മഹാത്മ ഗാന്ധി പ്രവാസി സുരക്ഷാ യോജന തുടങ്ങിയത്. എന്നാല്‍ പ്രവാസി പെന്‍ഷന്‍ പദ്ധതിയുടെ പ്രചാരണത്തിന് മുന്‍ സര്‍ക്കാരോ നിലവില്‍ കേന്ദ്രമോ കാര്യമായി ഒന്നും ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വേണ്ടത്ര ശ്രദ്ധ കൊടുക്കാതെ നാമമാത്രമായ അപേക്ഷകള്‍ മാത്രം സ്വീകരിച്ച്, കാര്യമായ പ്രചരണ പ്രവര്‍ത്തനമൊന്നും സംഘടിപ്പിക്കാതെ പദ്ധതിയില്‍ പ്രവാസികള്‍ക്ക് താല്പര്യമില്ല കാരണത്താല്‍ നിറുത്തികളയുന്നത് ഏറെ ദുഃഖകരമാണെന്നു നേതാക്കള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ക്ക് പ്രത്യേകിച്ചും ഏറെ സഹായകരമാവുന്ന ഈ പദ്ധതിയുടെ വിജയത്തിനായി സന്നദ്ധസംഘടനകളെക്കൂടി സഹകരിപ്പിച്ച് വിജയിപ്പിക്കാമെന്നു ഡബ്ള്യു.എം.എഫ് പറയുന്നു. പദ്ധതിയ്ക്ക് അനുവദിച്ച തുശ്ചമായ തുകയില്‍ ഒതുങ്ങാതെ സാധ്യത കണക്കിലെടുത്ത് കൂടുതല്‍തുക വകയിരുത്തിയാല്‍ പദ്ധതി ശ്രദ്ധേയമാകുമെന്നു സംഘടന നിരീക്ഷിച്ചു.
പ്രവാസി മന്ത്രാലയം നിര്‍ത്തലാക്കിയതും ഭാരതീയ പ്രവാസി ദിവസില്‍ ഗള്‍ഫ് പവലിയന്‍ തന്നെ ഒഴിവാക്കിയതും പുനസ്ഥാപിച്ച്, 70 ലക്ഷത്തോളം വരുന്ന പ്രവാസികളെക്കൂടി പരിഗണിക്കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വിഷയത്തിന്റെ ഗൗരവം കാര്യമായി കണക്കിലെടുത്ത് രാജ്യത്തിന് വിദേശ നാണ്യം നേടിക്കൊടുക്കുന്ന പ്രവാസികളോട് സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളിലുള്ള അതൃപ്തി അറിയിക്കുകയും, സമീപനത്തില്‍ മാറ്റം വരുത്താന്‍ വിവിധ പ്രവാസി സംഘടനകള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കണമെന്നും ഡബ്ള്യു.എം.എഫ് ഭാരവാഹികള്‍ ആഹ്വാനം ചെയ്തു. ഈ കാര്യത്തില്‍ മുഴുവന്‍ പ്രവാസി സംഘടനകളെയും സംഘടിപ്പിച്ച് ശക്തമായ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനും ഡബ്ള്യു.എം.എഫ് ആലോചിക്കുന്നുണ്ട്.