പള്‍സര്‍ സുനിയും കൂട്ടാളിയും ഉടന്‍ കീഴടങ്ങിയേക്കും: അണിയറയില്‍ നീക്കങ്ങള്‍ ശക്തം


കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയും വിജേഷും ഉടന്‍ കീഴടങ്ങുമെന്ന് സൂചന. കോടതിയിലെത്തി കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് എറണാകുളം, ആലുവ, പെരുമ്പാവൂര്‍ കോടതികള്‍ പൊലീസ് നിരീക്ഷണത്തിലാണ്. അതേസമയം കോടതിയില്‍ കീഴടങ്ങുംമുമ്പ് പ്രതികളെ പിടികൂടാനാണ് പൊലീസിന്റെ ശ്രമം.

കേസിലെ മുഖ്യപ്രതികളിലൊരാളായ തമ്മനം സ്വദേശി മണികണ്ഠനെ കോയമ്പത്തൂരിനും പാലക്കാടിനും ഇടയ്ക്കുള്ള ഒളിയിടത്തില്‍ നിന്ന് ഇന്നലെ രാത്രി പൊലീസ് പിടികൂടിയിരുന്നു. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം നാലായി. നടി ആക്രമിക്കപ്പെടുമ്പോള്‍ മൂന്ന് പേരാണ് കാറിലുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാളാണ് പിടിയിലായ മണികണ്ഠന്‍. അതേസമയം, കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ അറസ്റ്റിലായ കേസിലെ പ്രതികള്‍ വടിവാള്‍ സലിമിനെയും പ്രദീപിനെയും അന്വേഷണ സംഘം ആലുവ മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.