അക്രമത്തിനിരയായ നടി തിരിച്ചുവിളിച്ചു: ഏതാവശ്യത്തിനും വിളിക്കാമെന്നു വി.എസ്. അച്യുതാനന്ദന്‍


തിരുവനന്തപുരം: കൊച്ചിയില്‍ അതിക്രമത്തിനിരയായ ചലച്ചിത്രനടിയെ ആശ്വസിപ്പിച്ച് വി.എസ്. അച്യുതാനന്ദന്‍. നടിയുമായി ടെലിഫോണില്‍ സംസാരിക്കവേയാണ് വി.എസ് പിന്തുണയും സഹായവും അറിയിച്ചത്. കേസുമായി ധൈര്യമായി മുന്നോട്ടുപോകണമെന്നും എല്ലാസഹായവും ഉണ്ടാവുമെന്നും വി.എസ് നടിയോട് പറഞ്ഞു. നീതിക്കുവേണ്ടി ഏതറ്റംവരെയും മുന്നോട്ടുപോകണം. ഏത് ആവശ്യത്തിനും എപ്പോഴും വിളിക്കാം. സര്‍ക്കാറില്‍നിന്ന് സഹായംലഭിക്കാന്‍ എല്ലാശ്രമവും തന്റെ ഭാഗത്തുനിന്നുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

ഞായറാഴ്ച രാവിലെ നടിയെ വി.എസ് ടെലിഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സിനിമാ ഷൂട്ടിങ്ങിലായിരുന്ന നടിയുടെ അമ്മയാണ് ഫോണെടുത്തത്. പിന്നീട് വൈകുന്നേരം നടി വി.എസിനെ തിരിച്ചുവിളിക്കുകയായിരുന്നു.