മുഖ്യമന്ത്രി പിണറായിയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി ഖുഷ്ബു


കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു നടി ഖുഷ്ബു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ ഖുശ്ബു.

നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെയാണ് ഖുഷ്ബു പ്രതികരിച്ചത്. നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അന്വേഷണത്തില്‍ നിന്ന് പിന്നോട്ട് പോകുമെന്ന സൂചനയാണ്. സംഭവവുമായി സി.പി.എമ്മിലെ ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അവരെ സംരക്ഷിക്കാനാണോ ഈ നിലപാടെന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഖുഷ്ബു പറഞ്ഞു. ഇടത് സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കേരളത്തിലെ പോലീസ് സി.പി.എമ്മിനുവേണ്ടിയല്ല പ്രവര്‍ത്തിക്കേണ്ടത്. ജനങ്ങള്‍ക്കുവേണ്ടിയാണെന്നും ഖുഷ്ബു കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. നടിയും കുടുംബവും പരാമര്‍ശത്തിനോട് പ്രതികരിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി തന്നെ പരാമര്‍ശം തിരുത്തിയിരുന്നു.