മരിച്ചു എന്ന് കരുതി യുവതിയെ ഭർത്താവ് ജീവനോടെ ദഹിപ്പിച്ചു
നോയിഡ: മരിച്ചു എന്ന് കരുതി യുവതിയെ ഭർത്താവ് ജീവനോടെ ദഹിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ നോയിഡയിലെ 21കാരിയായ യുവതിയുടെ മരണമാണ് വിവാദത്തിലായിരിക്കുന്നത്. യുവതിയുടെ മൃതദേഹം ദഹിപ്പിക്കുേമ്പാൾ ജീവനുണ്ടായിരുന്നെന്നാണ് കണ്ടെത്തൽ. ശ്വാസകോശത്തിൽ അണുബാധയുമായി ഗ്രേറ്റർ നോയിഡയിലെ ശാരദാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഞായറാഴ്ച രാത്രി മരിച്ചുവെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ 1.27ന് ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ ഭർത്താവും സുഹൃത്തുക്കളും രാവിലെ എട്ടുമണിയോടെ അവരുടെ മരണാനന്തര കർമങ്ങൾ പൂർത്തിയാക്കി ദഹിപ്പിച്ചു.യുവതി മരിച്ചെന്ന് നോയ്ഡയിലെ ശാരദ ആശുപത്രി അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ചിതയില്‍ വെക്കുമ്പോള്‍ യുവതി ശ്വസിച്ചിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.
എന്നാൽ മരണത്തിൽ സംശയം പ്രകടിപ്പിച്ച് യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയതോെട പൊലീസെത്തി കർമങ്ങൾ നിർത്തിവെക്കുകയായിരുന്നു. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. ചൊവ്വാഴ്ച പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് യുവതിയെ ദഹിപ്പിക്കുേമ്പാൾ ജീവനുണ്ടായിരുന്നുവെന്ന് തെളിയിച്ചു. പോസ്റ്റുമോര്‍ട്ടത്തില്‍ യുവതിയുടെ ശ്വാസനളത്തില്‍ നിന്നും കത്തിയ വസ്തുക്കള്‍ കണ്ടെടുത്തു. ജീവനോടെ കത്തിക്കുമ്പോഴാണ് ഇത്തരം വസ്തുക്കള്‍ ശ്വാസനാളിയില്‍ ഉണ്ടാവുക. മരിച്ചയാളെയാണ് ദഹിപ്പിക്കുന്നതെങ്കിൽ ഇവ ശ്വാസകോശത്തിലെത്തുകയില്ലെന്നും അതിനാൽ യുവതിക്ക് ജീവനുണ്ടായിരുന്നെന്നു തന്നെ വിശ്വസിക്കണമെന്നുമാണ് പൊലീസ് പറയുന്നത്. ജീവനോടെ ദഹിപ്പിക്കുന്നതിനിടെയുണ്ടായ ഷോക്കിലാണ് യുവതിയുടെ മരണം സംഭവിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ ഭർത്താവിനും സുഹൃത്തുക്കൾക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.