തത്തയല്ല മുഖ്യന്റെ തൊഴുത്തിലെ പശു; വിജിലന്‍സ് ഡയറക്ടറെ മുഖ്യമന്ത്രിയുടെ വീട്ടിലെ പശുവിനോടുപമിച്ച് പ്രതിപക്ഷം


തിരുവനന്തപുരം: കൂടുവിട്ടു പറന്നു നടക്കുന്ന തത്ത മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശുവെന്ന് പ്രതിപക്ഷം. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെയാണ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവിനോട് കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി സതീശന്‍ നിയമസഭയില്‍ ഉപമിച്ചത്. വിജിലന്‍സ് ആസ്ഥാനത്തു നോട്ടിസ് പതിച്ചപ്പോള്‍ മുഖ്യമന്ത്രി നോക്കി നിന്നു. കൂട്ടിലെ തത്തയോ പുറത്തുവന്ന തത്തയോ അല്ല വിജിലന്‍സ്. പായിച്ചിറ നവാസ് എന്ന വ്യക്തിയാരെന്ന് അന്വേഷിക്കണം. രഹസ്യസ്വഭാവമുളള ഫയലുകളിലെ വിവരങ്ങള്‍ പോലും നവാസ് പരാതിയില്‍ ഉന്നയിക്കുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഐ.എ.എസ് – ഐ.പി.എസ് തര്‍ക്കം മൂലം സംസ്ഥാനം ഭരണസ്തംഭനം നേരിടുകയാണെന്ന അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കവേയാണ് സതീശന്‍ വിജിലന്‍സ് ഡയറക്ടറെ മുഖ്യമന്ത്രിയുടെ തൊഴുത്തിലെ പശുവാക്കിയത്. മുഖ്യമന്ത്രി വിജിലന്‍സിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ഇതുവരെ ആരും പറയാത്തതാണെന്നു പിണറായി വിജയന്‍ മറുപടി നല്‍കി. വിജിലന്‍സിനു സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ട്. ഇതിനു ചില പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ വേണമെന്നാണു കോടതി പറഞ്ഞതെന്നും മുഖ്യമന്ത്രി സഭയില്‍ വിശദമാക്കി.

സംസ്ഥാനത്തു ഫയല്‍ നീക്കത്തില്‍ മന്ദത ഉണ്ടായിരുന്നതായി സമ്മതിച്ച മുഖ്യമന്ത്രി ഇപ്പോള്‍ അതുമാറിയെന്നും വ്യക്തമാക്കി. ഒന്‍പതു മാസത്തിനിടെ 18,000 ഫയലുകള്‍ തന്റെ പരിഗണനയില്‍ വന്നു. ഇതില്‍ ഇനി അവശേഷിക്കുന്നത് 200 ഫയലുകള്‍ മാത്രമാണ്. ചില്ലറ അഭിപ്രായവ്യത്യാസങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാരിന്റെ നയങ്ങള്‍കൊണ്ട് അതുമാറിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തു ഭരണസ്തംഭനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.