അവതരിപ്പിക്കുന്നതിന് മുന്‍പ് ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ; പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം :  സഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പ് തന്നെ കേരളാ ബജറ്റ് സോഷ്യല്‍ മീഡിയയില്‍ പരന്നു. ബജറ്റ് ചോര്‍ന്നു എന്ന് ആരോപിച്ച പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. ബജറ്റ് ചോര്‍ന്നത് ചരിത്രത്തില്‍ ആദ്യമെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ പരാതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. 2017-18 വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളവുമായി എഴുന്നേറ്റത്. പ്രതിപക്ഷ എംഎല്‍എമാര്‍ ബഹളമുണ്ടാക്കിയതോടെ ബജറ്റ് അവതരണം തടസപ്പെട്ടു. ഇതിനുശേഷം മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിക്കുകയും ചെയ്‌തു. എന്നാല്‍ ഇതില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം തുടര്‍ന്നതോടെ, വിശദീകരണവുമായി ധനമന്ത്രി രംഗത്തെത്തി. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. ബജറ്റ് പുറത്ത് പോയത് ഗൗരവതരമാണെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ധനമന്ത്രിയുടെ വിശദീകരണത്തിനുശേഷം ബജറ്റ് അവതരണം തുടര്‍ന്നു. എന്നാല്‍ പ്രതിപക്ഷം ബഹളം വെച്ചതോടെ, ബജറ്റ് വായന ധനമന്ത്രി ചുരുക്കി. ബജറ്റ് വിവരങ്ങള്‍ ധനമന്ത്രി തോമസ് ഐസകിന്റെ ഓഫീസില്‍ നിന്നു തന്നെയാണ് ചോര്‍ന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. തോമസ് ഐസക് ബജറ്റ് വായിക്കുന്നതിന് സമാന്തരമായി പ്രതിപക്ഷ അംഗങ്ങളും സഭയില്‍ ബജറ്റ് വായിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബജറ്റ് ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷമില്ലാതെ ഐസക് ബജറ്റ് അവതരണം പൂർത്തിയാക്കി.