വൈദീക പീഡനം: കന്യാസ്ത്രീകള്‍ അടക്കം ഏഴു പേരെ കൂടി പ്രതിയാക്കി; രണ്ടു കന്യാസ്ത്രീകള്‍ ഒളിവില്‍


കണ്ണൂര്‍: ഫാ. റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഏഴു പേര്‍ കൂടി പ്രതികള്‍. വൈദികന്‍ റോബിന്‍ വടക്കുംചേരിയെ കൂടാതെ അഞ്ച് കന്യാസ്ത്രീകളും കേസില്‍ പ്രതികളാണ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ രണ്ടു കന്യാസ്ത്രീകള്‍ ഒളിവില്‍ പോയി.

ഡോക്ടര്‍മാര്‍ കൂടിയായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗമായ തങ്കമ്മ നെല്ലിയാനി, ഡോ. ഹൈദരാലി എന്നിവരാണ് പ്രതികള്‍.

പ്രതികള്‍ക്കെതിരേ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമം (പോസ്‌കോ) ചുമത്തിയിട്ടുണ്ട്. പേരാവൂര്‍ സി.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിപ്പട്ടിക തയാറാക്കിയത്. ഫാ. റോബിന്‍ വടക്കുംചേരിയാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ തലശേരി സബ്ജയിലില്‍ റിമാന്റിലാണ്. ഇടവകാംഗവും മാതൃവേദി അംഗവുമായ തങ്കമ്മ നെല്ലിയാനിയാണ് രണ്ടാം പ്രതി. ഇവര്‍ ഒളിവിലാണ്.

ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ സിസ്റ്റര്‍ ടെസി ജോസ് ആണ് കേസിലെ മൂന്നാം പ്രതി. ഡോക്ടര്‍ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവര്‍ നാലും അഞ്ചും പ്രതികളാണ്. ആശുപത്രിയുടെ ചുമതലയുള്ള സിസ്റ്റര്‍ ലിസി മരിയ ആണ് ആറാം പ്രതി. സിസ്റ്റര്‍ അനീസയും സിസ്റ്റര്‍ ഒഫീലയും ഏഴും എട്ടും പ്രതികളാണ്. ഇരുവരും വയനാട് വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍മാരാണ്. ഈ രണ്ട് സിസ്റ്റര്‍മാരും ഒളിവില്‍ പോയെന്നാണ് പോലിസ് വ്യക്തമാക്കി.