മാനന്തവാടി രൂപത വക്താവായ ഫാ. അഡ്വ. തോമസ് തേരകത്തെ സ്ഥാനത്തുനിന്ന് മാറ്റി


കല്‍പറ്റ: സര്‍ക്കാര്‍ നടപടി മുന്നില്‍ കണ്ടു മാനന്തവാടി രൂപത വക്താവായ ഫാ. അഡ്വ. തോമസ് ജോസഫ് തേരകത്തെ രൂപതയുടെ വക്താവ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി മനസ്സിലാക്കിയ സാഹചര്യത്തിലാണ് രൂപത അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയത്.

അതേസമയം അദ്ദേഹം എടുക്കുന്ന തിരുമാനങ്ങള്‍ക്ക് രൂപതയുമായി ബന്ധമില്ലെങ്കിലും ആരോപണവിധേയനായ ഒരാള്‍ വക്താവായി തുടരുന്നത് അനുചിതമാണെന്ന് കരുതുന്ന സാഹചര്യത്തിലാണ് നടപടിയെന്നും മെത്രാന്‍ ജോസ് പൊരുന്നേടം കൂട്ടിച്ചേര്‍ത്തു.

ബാലപീഡന കേസുകളില്‍ സഭ ഇരയുടെ കൂടെ നില്‍ക്കണമെന്നതാണ് മാനന്തവാടി രൂപതയുടെ നിലപാട്. കുറ്റങ്ങള്‍ ചെയ്യുന്നവര്‍ നിയമപരമായി ശിക്ഷനടപടികള്‍ക്ക് വിധേയരാവണം. പിടിക്കപ്പെട്ടവര്‍ കൂടാതെ ഇനിയും ആളുകളുണ്ടെങ്കില്‍ അവരും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരപ്പെടണം. കേസന്വേഷണത്തിന് രൂപതയുടെ പൂര്‍ണ പിന്തുണ ഉണ്ടാകും. അതേസമയം, നിരപരാധികള്‍ ശിക്ഷിക്കപ്പെടാനും പാടില്ല.

വൈദികരുടെ ഇടയില്‍ ബാലപീഡന കേസുകള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും രൂപത സ്വീകരിക്കും. കുറ്റകൃത്യം മറച്ചുവെക്കാന്‍ കുറ്റാരോപിതരായ തൊക്കിലങ്ങാടി ആശുപത്രിയുമായോ ചൈല്‍ഡ്? വെല്‍ഫെയര്‍ കമ്മിറ്റിയുമായോ വൈത്തിരി ദത്തെടുക്കല്‍ സ്ഥാപനവുമായോ രൂപതാനേതൃത്വം ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല. കുറ്റാരോപിതനെ സംരക്ഷിക്കാന്‍ രൂപതാനേതൃത്വം ഒരുതരത്തിലും ഗൂഢാലോചന നടത്തിയിട്ടുമില്ലെന്നും ജോസ് പൊരുന്നേടം അറിയിച്ചു.