സുമനസ്സുകളുടെ സഹായത്തോടെ ദുരിതങ്ങള്‍ താണ്ടി മലയാളി വീട്ടുജോലിക്കാരി നാട്ടിലേയ്ക്ക് മടങ്ങി

മഞ്ജു മണിക്കുട്ടന്‍ മേരി ഹെലന് യാത്രരേഖകള്‍ കൈമാറുന്നു


ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വനിതാ അഭയകേന്ദ്രത്തില്‍ ആശ്രയം തേടിയ മലയാളിയായ വീട്ടുജോലിക്കാരി നവയുഗം സാംസ്‌കാരികവേദിയുടെയും, ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ മേരി ഹെലന്‍ ഏഴുമാസങ്ങള്‍ക്ക് മുന്‍പാണ് സൗദി അറേബ്യയിലെ ദമ്മാമില്‍ ഒരു വീട്ടില്‍ ജോലിക്കാരിയായി എത്തുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും മോശമായിരുന്നു അവിടത്തെ ജോലി സാഹചര്യങ്ങള്‍. വിശ്രമിയ്ക്കാന്‍ സമയം നല്‍കാതെ രാപകല്‍ പണി, തൊട്ടതിനും പിടിച്ചതിനും ശകാരം തുടങ്ങി പല ബുദ്ധിമുട്ടുകളും മേരിയ്ക്ക് നേരിടേണ്ടി വന്നു. വന്നിട്ട് നാലുമാസം കഴിഞ്ഞിട്ടും രണ്ടു മാസത്തെ ശമ്പളം മാത്രമേ ആ വീട്ടുകാര്‍ നല്‍കിയുള്ളൂ. ശമ്പളം ചോദിച്ചപ്പോള്‍, ശകാരവും മര്‍ദ്ദനവും നേരിടേണ്ടി വന്നെന്ന് മേരി പറയുന്നു. ജോലിയ്ക്ക് കൊണ്ടുവന്ന ഏജന്റിനെ വിളിച്ചു പരാതി പറഞ്ഞപ്പോള്‍, അയാളും ശകാരിയ്ക്കുകയാണ് ചെയ്തത്. ഒടുവില്‍ സഹികെട്ട മേരി, ആരുമറിയാതെ പുറത്ത് കടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസ് അവരെ ദമാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കി.

വനിതാ അഭയകേന്ദ്രത്തില്‍ വിവരമറിഞ്ഞെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ മേരിയുമായി സംസാരിച്ച് വിവരങ്ങള്‍ മനസ്സിലാക്കി. മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും, മേരിയുടെ സ്പോണ്‍സറെ ബന്ധപ്പെട്ടെങ്കിലും,ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകാതെ അയാള്‍ കൈയ്യൊഴിഞ്ഞു. തുടര്‍ന്ന് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി മേരിയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കുകയും ചെയ്തു.

നവയുഗത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, ദമ്മാമിലെ സിറ്റി ഫ്ളവര്‍ സൂപ്പര്‍ മാര്‍ക്കറ്റ് മേരി ഹെലന് വിമാനടിക്കറ്റും, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള സമ്മാനങ്ങളും സൗജന്യമായി നല്‍കി. സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മേരി ഹെലന്‍ നാട്ടിലേയ്ക്ക് മടങ്ങി.