കരാര്‍ ലംഘനത്തിനെതിരെ കേസ് കൊടുത്തതിനാല്‍ സ്പോണ്‍സര്‍ ഹുറൂബാക്കിയ മലയാളി ഡ്രൈവറെ നവയുഗം രക്ഷപ്പെടുത്തി

അനിൽകുമാറിന് ഷാജി മതിലകം യാത്രരേഖകൾ കൈമാറുന്നു. നവയുഗം ജീവകാരുണ്യപ്രവർത്തകൻ ജോബി ജേക്കബ് സമീപം


ദമ്മാം: ജോലി കരാര്‍ ലംഘനത്തിനെതിരെ ലേബര്‍ കോടതിയില്‍ കേസ് കൊടുത്തതിനാല്‍, സ്പോണ്‍സര്‍ ഹുറൂബാക്കിയ മലയാളി ഹൗസ്‌ഡ്രൈവര്‍, നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തിരുവനന്തപുരം അതിര്‍ത്തിപ്രദേശമായ കന്യാകുമാരി ജില്ലയിലെ കഴുവാന്‍തിട്ട സ്വദേശിയായ അനില്‍കുമാര്‍ രാഘവനാണ് നിയമനടപടികളുടെ അനിശ്ചിതങ്ങള്‍ മറികടന്ന് നാട്ടിലേയ്ക്ക് പോകാന്‍ കഴിഞ്ഞത്. ഒരു വര്‍ഷത്തിന് മുന്‍പാണ് കത്തീഫിലെ ഒരു സൗദി ഭവനത്തില്‍ അനില്‍കുമാര്‍ ഡ്രൈവറായി ജോലിയ്ക്ക് എത്തിയത്. 1500 റിയാല്‍ മാസശമ്പളം നല്‍കാം എന്നായിരുന്നു ജോലിക്കരാര്‍. ജോലിതുടങ്ങിയ ശേഷം ആദ്യമാസം 1500 റിയാല്‍ ശമ്പളമായി നല്‍കിയ സ്‌പോണ്‍സര്‍, പിന്നീടുള്ള മാസങ്ങളില്‍ 1300 റിയാല്‍ മാത്രമേ നല്‍കിയുള്ളൂ. ചോദിച്ചപ്പോള്‍, മാസാമാസം കുടിശ്ശികയായി അവശേഷിയ്ക്കുന്ന 200 റിയാല്‍, നാട്ടില്‍ വെക്കേഷന് പോകുമ്പോള്‍ ഒരുമിച്ചു നല്‍കാം എന്ന് സ്‌പോണ്‍സര്‍ വാഗ്ദാനം ചെയ്തു. അനില്‍കുമാര്‍ സ്പോണ്‍സറുടെ വാക്കില്‍ വിശ്വസിച്ചു ജോലി തുടര്‍ന്നു.

രാവിലെ 6 മണി മുതല്‍ അര്‍ദ്ധരാത്രി വരെ, വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു. പലപ്പോഴും സ്പോണ്‍സറുടെ നിര്‍ബന്ധപ്രകാരം, അയാളുടെ മൂന്നു സഹോദരന്മാരുടെ വീട്ടിലെ ഡ്രൈവര്‍ പണിയും അനില്‍കുമാറിന് ചെയ്യേണ്ടി വന്നു. സമയത്തിന് ഭക്ഷണം കഴിയ്ക്കാനോ, ഉറങ്ങാനോ കഴിയാതെ ആരോഗ്യവും മോശമായി. മാത്രമല്ല സ്‌പോണ്‍സര്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് കൊടുക്കാത്തത് കാരണം ദീര്‍ഘകാലം ലൈസന്‍സ് ഇല്ലാതെ വണ്ടിയോടിയ്‌ക്കേണ്ടി വന്നു. എന്നാലും നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത്, അനില്‍കുമാര്‍ എങ്ങനെയും ആ ജോലിയില്‍ പിടിച്ചു നിന്നു.

ഒരു വര്‍ഷമായപ്പോള്‍, നാട്ടില്‍ അനില്‍ കുമാറിന്റെ ഭാര്യയ്ക്ക് രോഗം കൂടുതലായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. ഭാര്യയുടെ ചികിത്സയ്ക്കായി, പത്തു മാസമായി തനിയ്ക്ക് തരുമെന്ന് പറഞ്ഞ കുടിശ്ശിക തുക ഒന്നിച്ചു തരണമെന്ന് അനില്‍കുമാര്‍ സ്‌പോണ്‍സറോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് സ്‌പോണ്‍സര്‍ ഒഴിഞ്ഞു മാറി. പറഞ്ഞ ശമ്പളം തന്നില്ലെങ്കില്‍ താന്‍ ജോലി തുടരില്ലെന്നും, അല്ലെങ്കില്‍ ഫൈനല്‍ എക്‌സിറ്റ് തരാന്‍ അനികുമാര്‍ പറഞ്ഞെങ്കിലും സ്‌പോണ്‍സര്‍ വഴങ്ങിയില്ല. തുടര്‍ന്ന് തര്‍ക്കമാവുകയും, അനില്‍കുമാര്‍ ലേബര്‍ കോടതിയില്‍ സ്‌പോണ്‍സര്‍ക്കെതിരെ ജോലിക്കരാര്‍ ലംഘനത്തിന് കേസ് കൊടുക്കുക്കാന്‍ പോകുകയും ചെയ്തു. ഇത് മനസ്സിലാക്കിയ സ്‌പോണ്‍സര്‍, അനില്‍കുമാറിനെ ഹുറൂബില്‍ (ഒളിച്ചോടിയ തൊഴിലാളി) ആക്കുകയും ചെയ്തു.

ലേബര്‍ കോടതിയില്‍ എത്തിയ അനില്‍കുമാറിനെ പിടികൂടി ജയിലില്‍ കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകള്‍ സ്‌പോണ്‍സര്‍ ചെയ്തിരുന്നു. അങ്ങനെ നിയമപാലകര്‍ കോടതിയില്‍ വെച്ച് അനില്‍കുമാറിനെ പിടിക്കൂടുകയും, അയാള്‍ പരിഭ്രമിച്ച് ബഹളം വെയ്ക്കുകയും ചെയ്തു. മറ്റൊരു തൊഴിലാളിയുടെ കേസിന്റെ ആവശ്യത്തിനായി കോടതിയില്‍ ഉണ്ടായിരുന്ന നവയുഗം സാംസ്‌കാരികവേദി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം ബഹളം കേട്ട് വന്ന് കാര്യങ്ങള്‍ തിരക്കുകയും, അനില്‍കുമാറിന്റെ അവസ്ഥ മനസ്സിലാക്കി കേസില്‍ ഇടപെടുകയും ചെയ്തു.

അനില്‍കുമാറുമൊത്ത് ലേബര്‍ കോടതിയിലെ ഉന്നതഅധികാരിയുടെ മുന്നിലെത്തിയ ഷാജി മതിലകം, അനില്‍കുമാര്‍ നേരിടേണ്ടി വന്ന കരാര്‍ലംഘനം തെളിവുകള്‍ സഹിതം അദ്ദേഹത്തെ ബോധ്യപ്പെടുത്തി. സത്യം മനസ്സിലായ ലേബര്‍ ഓഫീസര്‍, അനികുമാറിന് അപ്പോള്‍ തന്നെ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കാന്‍ ഏര്‍പ്പാട് ചെയ്തു.

നവയുഗത്തിന്റെ ഒരു സുഹൃത്ത് അനില്‍കുമാറിന് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. ഷാജി മതിലകത്തിനും നവയുഗത്തിനും നന്ദി പറഞ്ഞ് അനില്‍കുമാര്‍ നാട്ടിലേയ്ക്ക് മടങ്ങി.