മലയാളിയെ ഊട്ടാന്‍ ‘സുവര്‍ണ മസൂരി’ എത്തി; ബംഗാള്‍ അരിയുടെ വില്‍പന തിങ്കളാഴ്ച തുടങ്ങും


തിരുവനന്തപുരം: മലയാളിയുടെ പട്ടിണി മാറ്റാന്‍ ബംഗാളില്‍ നിന്നും ‘സുവര്‍ണ മസൂരി’ എത്തി. കേരളത്തില്‍ പ്രതിസന്ധി തുടരുന്നതിനിടെ ബംഗാളില്‍ നിന്നും 800 മെട്രിക് ടണ്‍ അരി എത്തിച്ചത്. അരി കൊച്ചിയില്‍ എത്തിയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഞായറാഴ്ച അടുത്ത ലോഡ് എത്തും. പത്താം തീയതിയോടെ 2500 മെട്രിക് ടണ്‍ അരിയും കേരളത്തില്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു.

26 പ്രാഥമിക സഹകരണ സംഘങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചാണ് ബംഗാളില്‍ നിന്ന് അരി എത്തിക്കുന്നത്. അരി 25 രൂപയ്ക്കാണ് വില്‍ക്കുന്നത്. മലയാളികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ജയ, മട്ട എന്നീ അരിയിനങ്ങളുടെ വില്‍പനവില ചരിത്രത്തിലാദ്യമായി 50 രൂപ വരെ എത്തിയിരുന്നു. ഇതോടെയാണ് വില നിയന്ത്രിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

ഒരു മാസത്തിനിടെ 10 രൂപയുടെ വര്‍ധനവാണ് അരി വിലയില്‍ ഉണ്ടായത്. തിങ്കളാഴ്ച മുതല്‍ 500 പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴിയാണ് അരി വിറ്റഴിക്കുക. കിലോയ്ക്ക് 25 രൂപ നിരക്കിലാകും വില്‍പ്പനയെന്നും മന്ത്രി അറിയിച്ചു.

ആറാം തിയതി വില്‍പന തുടങ്ങി പത്തിന് അവസാനിക്കുന്ന രീതിയിലാകും അരി വിതരണം. തെക്കന്‍ കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന ജയ, വടി മട്ട, ഉണ്ട മട്ട എന്നിവയുടെ ഉല്‍പാദനം സംസ്ഥാനത്തും പുറത്തും കുറഞ്ഞതാണു വില കൂടാന്‍ കാരണമായത്. ഇതുകൊണ്ടു തന്നെ നെല്ലിനു വില ഗണ്യമായി കൂടി. ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ എത്തുന്നത്.