ഫാ. ബാല കപ്പൂച്ചിന്‍ (42) സാല്‍സ്ബുര്‍ഗില്‍ നിര്യാതനായി


സാല്‍സ്ബുര്‍ഗ്: ഓസ്ട്രിയയിലെ സാല്‍സ്ബുര്‍ഗില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന ഫാ. ബാല്‍ രാജ് മദനു ഒ.എഫ്.എം (42) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. 2010ല്‍ സാല്‍സ്ബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിന് എത്തിയതായിരുന്നു അദ്ദേഹം. പഠനത്തോടൊപ്പം സ്ഥലത്തെ ഫ്രാന്‍സിസ്‌കന്‍ ദേവാലയത്തിലും സഹായിച്ചിരുന്നു.

മാര്‍ച്ച് 5ന് വി. കുര്‍ബ്ബാനയ്ക്കു ശേഷം പള്ളിയിലെ ഗായകസംഘത്തെ സാധാരണ സന്ദര്‍ശിക്കാറുള്ള ഫാ. ബാലയെ സമയമായിട്ടും കാണാതിരുന്നതിനെത്തുടര്‍ന്ന്, ഗായകസംഘത്തിലെ പ്രധാനി അദ്ദേഹത്തെ ടെലിഫോണില്‍ ബന്ധപ്പെട്ടു. തനിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നു പറയുകയും പെട്ടെന്ന് മുറിയില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ടെലിഫോണിലൂടെ അപകടം മനസിലാക്കിയ ഗായകസംഘം പെട്ടെന്ന് ആബുലന്‍സില്‍ അറിയിച്ചു. കുതിച്ചെത്തിയ മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രുഷകള്‍ നല്‍കിയെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു.

ഇന്ത്യയില്‍ ഫിലോസഫി പ്രൊഫെസറായിരുന്ന അദ്ദേഹം വിശ്വപ്രസിദ്ധനായ തത്വചിന്തകന്‍ മാര്‍ട്ടിന്‍ ഹൈഡഗ്ഗറുടെ പഠനങ്ങളില്‍ ഗവേഷണം നടത്തനാണ് ഓസ്ട്രിയയില്‍ എത്തിയത്. റിസര്‍ച്ച് ഏകദേശം പൂര്‍ത്തിയയായി വരുമ്പോഴാണ് അദ്ദേഹത്തെ മരണം കവരുന്നത്.

വളരെ സഹൃദയനും, കഴിവുമുള്ള വൈദികനായിട്ടാണ് സ്ഥലവാസികള്‍ ഫാ. ബാലയെ വിശേഷിപ്പിച്ചിരുന്നത്. ആഴമുള്ള വിശ്വാസവും, ജോലികളില്‍ പരിപൂര്‍ണ്ണ വിശ്വസ്തനുമായ വൈദികനെയാണ് നഷ്ടപ്പെട്ടതെന്ന് ഫ്രാന്‍സിസ്‌കന്‍ പ്രോവിന്‍സിന്റെ ഓസ്ട്രിയയിലെ പ്രൊവിന്‍ഷ്യല്‍ ഫാ. ഒലിവര്‍ റുബന്‍താലര്‍ ഒ.എഫ്.എം അനുശോചന സന്ദേശത്തില്‍ അറിയിച്ചു. ഓസ്ട്രയില്‍ നടന്ന മരണാന്തര കര്‍മ്മങ്ങള്‍ക്ക് ശേഷം ഫാ. ബാലയുടെ മൃതദേഹം ഇന്ത്യയിലേയ്ക്ക് കൊണ്ടുപോയി സംസ്‌കരിച്ചു.