ചുവന്ന ബീക്കണ്‍ മാറ്റി തോമസ് ഐസക്കും മാത്യു ടി. തോമസും മാതൃകയായി ; നിര്‍ദേശത്തോട് മുഖംതിരിച്ച് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും
തിരുവനന്തപുരം: നിയമം പ്രാബല്യത്തില്‍ വരും മുന്‍പേ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ച് ധനമന്ത്രി തോമസ് ഐസക്കും ജലവിഭവമന്ത്രി മാത്യു ടി. തോമസും പുതിയ മാതൃകയായി. ഔദ്യോഗിക വാഹനത്തിലെ ബീക്കണ്‍ ലൈറ്റ് മാറ്റാനുള്ള കേന്ദ്ര തീരുമാനത്തിന് പിന്തുണയുമായാണ് സംസ്ഥാന മന്ത്രിമാര്‍ രംഗത്തെത്തിയത്.
കാറുകളിലെ ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കിയാണ് ധനമന്ത്രി തോമസ് ഐസക്കും ജലവിഭവമന്ത്രി മാത്യു ടി.തോമസും മന്ത്രിസഭ യോഗത്തിന് എത്തിയത്. ചുവന്ന ബീക്കണ്‍ ലൈറ്റുകളുടെ ഉപയോഗം കേന്ദ്രസക്കാര്‍ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് ഇരുവരും സ്വമേധയാ ലൈറ്റ് അഴിച്ചുമാറ്റിയത്. എന്നാല്‍, മുഖ്യമന്ത്രി അടക്കം മറ്റു മന്ത്രിമാര്‍ ചുവന്ന ലൈറ്റുമായാണ് സെക്രട്ടറിയേറ്റില്‍ എത്തിയത്.
മേയ് ഒന്നിനാണ് നിരോധനം പ്രാബല്യത്തില്‍ വരുക. അതിനിടെ ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍ സര്‍ക്കാരുകളും ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നിരോധിച്ച് ഉത്തരവിറക്കി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഇന്നലെത്തന്നെ ഔദ്യോഗിക വാഹനത്തിലെ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റിയിരുന്നു.