കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് തോമസ് ഐസക്

സംസ്ഥാന സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും തുറന്ന പോരിലേക്ക്.കിഫ്ബിക്കെതിരെ കേസെടുത്തതോടെയാണ് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തില്‍ കിഫ്ബിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപണം ഉന്നയിച്ചത്. ഇഡിയുടെ ഇടപെടല്‍ വികസനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സി.പി.എം വിമര്‍ശിച്ചു.

കിഫ്ബി വഴിയുള്ള വികസനം സര്‍ക്കാരിന്റെ പ്രധാന നേട്ടമായി ഉയര്‍ത്തി കാണിക്കുമ്പോഴാണ് കിഫ്ബിയുടെ നടത്തിപ്പ് ചോദ്യം ചെയ്തുള്ള കേന്ദ്ര ഏജന്‍സിയുടെ ഇടപെടല്‍. കിഫ്ബിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തോമസ് ഐസക് വിമര്‍ശിച്ചു. കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്നാണ് തോമസ് ഐസകിന്റെ ആരോപണം. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാനുള്ള പദ്ധതിയെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

കിഫ്ബിക്കെതിരായ ഇഡിയുടെ അന്വേഷണത്തെ വിമര്‍ശിച്ച് സി.പി.എം രംഗത്തെത്തി. ഇഡിയുടെ ഇടപെടല്‍ തെരഞ്ഞെടുപ്പ് ചട്ടഘംഘനമാണെന്നും വികസനത്തെ അട്ടിമറിക്കാനുള്ള നീക്കം കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും സി.പി.എം വിലയിരുത്തി. കിഫ്ബി വഴിയുള്ള ഫണ്ട് കൈമാറ്റം ഫെമ നിയമത്തിന്റെ ലംഘനമാണെന്നാണ് ആരോപണം. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം ഉള്‍പ്പെടെ മൂന്ന് പേരെ ഇഡി അടുത്ത ആഴ്ച ചോദ്യം ചെയ്യും.

മസാല ബോണ്ട് വിറ്റഴിച്ച് 2150 കോടി രൂപ സമാഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് ഇ. ഡി. റിസര്‍വ് ബാങ്കിനോട് കത്തയച്ച് ചോദിച്ചിരുന്നു. മാത്രമല്ല ഇത് വിദേശ നാണയ വിനിമയ ചട്ടത്തിന്റെ ലംഘനമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മസാല ബോണ്ടിനു വേണ്ടി ആരൊക്കെ പണം നിക്ഷേപിച്ചു, എത്രയാണ് ഓരോ വ്യക്തികളുടെയും നിക്ഷേപം എന്നീ കാര്യങ്ങള്‍ കിഫ്ബിയോടും അന്വേഷിക്കുന്നുണ്ട്. ഇതു സംബന്ധിച്ച പ്രാഥമിക വിവരശേഖരണത്തിന് ശേഷമാണ് അന്വേഷണത്തിലേക്ക് ഇ.ഡി. കടന്നിരിക്കുന്നത്.