സമരത്തിനു ഇടയില്‍ ലോറി ഇടിച്ചുകയറി ; ഇരുപതു കര്‍ഷകര്‍ കൊല്ലപ്പെട്ടു
വിജയവാഡ : മണല്‍ മാഫിയയ്ക്ക് എതിരെ സമരം ചെയ്ത കര്‍ഷകര്‍ക്ക് ഇടയിലേയ്ക്ക് ലോറി പാഞ്ഞുകയറി ഇരുപതു കര്‍ഷകര്‍ കൊല്ലപ്പെട്ടു. തിരുപ്പതിക്ക് 30 കിലോമീറ്റര്‍ അകലെയുള്ള യെര്‍പെടു എന്ന സ്ഥലത്താണ് അപകടം നടന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.45 നാണ് സംഭവം. അമിതവേഗതയിലെത്തിയ ട്രക്ക് ജനക്കൂട്ടത്തിനുള്ളിലേയ്ക്ക് ഇടിച്ചുകയറുന്നതിന് മുമ്പ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നു. യെര്‍പ്പാഡ് പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവമെന്ന് പോലീസ് വ്യക്തമാക്കി. ഷോക്കേറ്റാണ് കൂടുതല്‍ പേരും മരിച്ചതെന്ന് തിരുപ്പതി അര്‍ബന്‍ പോലീസ് സൂപ്രണ്ട് വിജയലക്ഷ്മി പറഞ്ഞു. പരിക്കേറ്റവരെ തിരുപ്പതിയിലേയും ശ്രീകാലഹഷ്ഠിയിലേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പോലീസ് ഓഫീസര്‍മാര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ട്രക്കിന്റെ ടയറിനടിയില്‍ പെട്ട ചിലര്‍ തല്‍ക്ഷണം മരിച്ചു. ചിലര്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണതിനേതുടര്‍ന്ന് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. സമരക്കാരെ ഇടിച്ചിട്ട ട്രക്ക് നിരവധി വാഹനങ്ങള്‍ തകര്‍ത്ത് സമീപത്തുള്ള ഒരു കടയില്‍ ഇടിച്ചുനിന്നു. അപകടത്തെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ കട കത്തിനശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ട്രക്കിന്റെ ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.