ദേവികുളം സബ് കളക് ടറെ ഊളമ്പാറയ്ക്കു വിടണമെന്നു മന്ത്രി എംഎം മണി

തൊടുപുഴ: ദേവികുളം സബ് കളക് ടര്‍ ശ്രീറാം വെങ്കിട്ടരാമിനെ ഊളമ്പാറയ്ക്ക് വിടണമെന്ന് മന്ത്രി എംഎം മണി. മൂന്നാര്‍ ചിന്നക്കനാല്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി മലമുകളില്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കിയ നീക്കിയതിനെതിരെയാണ് സബ് കളക് ടര്‍ ശ്രീറാം വെങ്കിട്ടരാമിനെതിരെ രൂക്ഷ വിമര്‍ശവുമായി മന്ത്രി എം.എം മണി രംഗത്ത് വന്നത്. കുരിശ് പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും സബ് കലക്ടറെ ഊളമ്പാറക്ക് വിടണമെന്നും മണി പറഞ്ഞു. സി.പി.എം ഏരിയാകമ്മിറ്റി അംഗം കെ.എം. തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിശ്വാസികള്‍ ഭൂമി കയ്യേറിയിട്ടില്ല. സബ് കലക്ടര്‍ ആര്‍.എസ്.എസിന് വേണ്ടി ഉപജാപം നടത്തുന്നയാളാണ്. നേരെചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലതാണെന്നും മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും മണി വ്യക്തമാക്കി. ദേവികുളം സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണെന്നും മണി കുറ്റപ്പെടുത്തി. ചടങ്ങില്‍ പങ്കെടുത്ത സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനും എസ്. രാജേന്ദ്രന്‍ എം.എല്‍.എയും സബ് കലക്ടറെ വിമര്‍ശിച്ച് രംഗത്തെത്തി. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും കുരിശ് പൊളിച്ചുനീക്കിയ നീക്കിയതിനെതിരെ വിമര്‍ശമുന്നയിച്ചിരുന്നു. കൂടാതെ റവന്യു വകുപ്പിനെതിരെ അതിരൂക്ഷമായ ആക്രമണമാണ് പ്രസംഗത്തില്‍ മണി നടത്തിയത്.