ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം : സര്‍ക്കാര്‍ വിയര്‍ക്കും : കുരിശേറ്റാന്‍ ആയുധങ്ങളുമായി പ്രതിപക്ഷം

തിരുവനന്തപുരം: വാവിട്ട വാക്കുമായി എം.എം മണി, കൈയേറ്റത്തിന്റെ പ്രതീകമായി മാറ്റപ്പെട്ട പാപ്പാത്തിച്ചോലയിലെ കുരിശ്, ടി.പി സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരിച്ചു കൊടുക്കാനുള്ള സുംപ്രീംകോടതി ഉത്തരവ്. ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ വലിച്ചിഴച്ച പോലീസ് നടപടി. നിയമസഭയുടെ സമ്പൂര്‍ണ സമ്മേളനത്തിന് നാളെ തുടക്കമാവുന്നു. സര്‍ക്കാരിനെതിരേ തെടുക്കാന്‍ ആവനാഴി നിറയെ ആയുധങ്ങളാണ് പ്രതിപക്ഷത്തിന്.

ആയുധങ്ങളിലേറെയും ഭരണപക്ഷം എറിഞ്ഞു കൊടുത്തതാണ്. ദുര്‍ബലമായ പ്രതിപക്ഷത്തിന് ആഹ്ലാദിക്കാന്‍ ഭരണപക്ഷം തന്നെ ആയുധങ്ങള്‍ നല്‍കിയിരിക്കുന്നു. മന്ത്രി എം.എം മണിയുടെ വാവിട്ട വാക്കില്‍ പിടിച്ചു രാജി തേടിയാവും പ്രതിപക്ഷം സഭയില്‍ എത്തുക. മൂന്നാറും പ്രധാന ആയുധമാകും. കൂടെ ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കാനുള്ള സുപ്രീംകോടതി ഉത്തരവും സര്‍ക്കാരിനെ അടിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൂട്ടരും വടിയാക്കും.

മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ യു.ഡി.എഫിന്റെ അഞ്ച് കൊല്ലവും ഒന്നും ചെയ്തില്ലെന്നതാവും ഭരണപക്ഷം പ്രതിരോധത്തിന് ഉപയോഗിക്കുക. എന്നാല്‍, എം.എം മണിയുടെ പെമ്പിളൈ ഒരുമയ്‌ക്കെതിരേയുള്ള വാക്കുകള്‍ ഭരണപക്ഷത്തിന് പ്രതിരോധിക്കാനാവില്ല. ആ വിഷയത്തില്‍ വിയര്‍ക്കേണ്ടി വരും.
ജൂണ്‍ എട്ട് വരെയാണ് നിയമസഭ സമ്മേളനം. ഇതില്‍ 13 ദിവസവും ധനാഭ്യര്‍ഥന ചര്‍ച്ചയാണ്. മൂന്നാറിലെ കുരിശ് പൊളിക്കലും മണിയും സെന്‍കുമാറുമെല്ലാം ചര്‍ച്ചകളില്‍ നിറയും. കുരിശ് പൊളിച്ച കാര്യത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും യു.ഡി.എഫ് കണ്‍വീനറും കെ.പി.സി.സി പ്രസിഡന്റും ഒക്കെ അപലപിച്ചവരുടെ കൂട്ടത്തിലുള്ളവരാണ്. എന്നാല്‍, സി.പി.എം-സി.പി.ഐ പോര് സഭയില്‍ എങ്ങനെ പ്രതിഫലിക്കുമെന്നത് കാത്തിരുന്ന് കാണണം. കൈയേറ്റഭൂമിയിലെ കുരിശ് പൊളിച്ചതിനെ പ്രതിപക്ഷ യുവനിര അനുകൂലിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്ക് എതിര്‍പ്പാണ്.
മന്ത്രി എം.എം മണിയുടെ നാവില്‍ വിളയാടുന്ന വിവാദങ്ങള്‍ നന്നായി തന്നെ പ്രതിപക്ഷം ഉയര്‍ത്തും. പെമ്പിളൈ ഒരുമൈക്കെതിരേ മണി നടത്തിയ പരിഹാസം. ദേവികുളം സബ് കലക്ടറെ ഊളമ്പാറക്ക് അയക്കണമെന്ന വാമൊഴി ശരിക്കും ഭരണപക്ഷം ശരിക്കും വിയര്‍ക്കും. സി.പി.ഐയുടെ നിലപാടും ഈ വിഷയത്തില്‍ എതിരാണ്. മുഖ്യമന്ത്രിക്ക് പോലും മണിയെ തള്ളിപ്പറയേണ്ടി വന്നു. അതു കൊണ്ടു തന്നെ കൈനിറയെ ആയുധവുമായി എത്തുന്ന പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ ഭരണപക്ഷത്തിന് നന്നേ വിയര്‍ക്കേണ്ടി വരും. അതില്‍ സി.പി.ഐയുടെ പങ്ക് എന്താവുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.