ഇന്ത്യയ്ക്കെതിരെ പോരാടാന്‍ കശ്മീരികള്‍ക്ക് സഹായം നല്‍കുമെന്ന് പാകിസ്താന്‍ സൈനിക മേധാവി
ഇസ്ലാമാബാദ്: ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുള്ള കശ്മീരികളുടെ സമരത്തിന് പിന്തുണ നല്‍കുമെന്നു പാക് സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വ. ഇന്ത്യയ്ക്കെതിരെ പോരാടാന്‍ കശ്മീരികള്‍ക്ക് സഹായം നല്‍കും. നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബജ്വ.
കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം ഭരണാധികരത്തിനുള്ള അവകാശമുണ്ട്. കശ്മീരികളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കാനും പാക്ക് സൈന്യത്തോട് ആവശ്യപ്പെട്ടു.
കശ്മീരിലെ ജനങ്ങളുടെ അവകാശങ്ങള്‍ ഇന്ത്യ പാടെ നിഷേധിക്കുകയാണെന്നും ബജ്വ ആരോപിച്ചു. കശ്മീരിലെ നിലവിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം പാകിസ്താനാണെന്ന് ഇന്ത്യ ആരോപിക്കുന്നതിന് പിന്നാലെയാണ് പാക്ക് സൈനിക മേധാവി തന്നെ വിവാദ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്. പാക്ക് സൈനിക മേധാവിയുടെ പ്രസ്താവന രാജ്യാന്തരതലത്തില്‍ കൊണ്ടുവന്ന് ചര്‍ച്ചയാക്കാന്‍ ഇന്ത്യ നീക്കം തുടങ്ങിയിട്ടുണ്ട്.
നിയന്ത്രണരേഖയ്ക്കടുത്തുള്ള പാകിസ്താനിലെ ജനങ്ങളുടെ അവകാശങ്ങളില്‍പ്പോലും ഇന്ത്യ ഇടപെടുകയാണ്. കശ്മീരില്‍ ഇന്ത്യയാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. കശ്മീരികള്‍ക്ക് സ്വയം ഭരണാധികാരത്തിനുള്ള അവകാശം നല്‍കണം. ഇല്ലെങ്കില്‍ ഇതിനായി പോരാടുന്ന കശ്മീരികള്‍ക്ക് പാകിസ്താന്‍ സഹായം നല്‍കും ബജ്വ വ്യക്തമാക്കി. നിയന്ത്രണ രേഖയില്‍ ഇന്ത്യയാണ് വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നതെന്നും ബജ്വ പറഞ്ഞു. ഇന്ത്യയില്‍നിന്നുള്ള ഏത് ആക്രമണവും നേരിടാന്‍ പാക്ക് സൈന്യം സുസജ്ജമാണ്. നിയന്ത്രണരേഖയിലെ പാക്ക് സൈന്യത്തിന്റെ ഒരുക്കങ്ങളില്‍ ബജ്വ സംതൃപ്തിയും രേഖപ്പെടുത്തി.