ഇന്ത്യയുടെ കശ്മീര്‍ നടപടി ; വ്യോമപാത പാക്കിസ്ഥാന്‍ വീണ്ടും അടച്ചു
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്ക് എതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടു പാക്കിസ്ഥാന്‍. ഇതിനെ തുടര്‍ന്ന് രാജ്യത്തിനു മുകളിലൂടെയുള്ള വ്യോമപാത പാക്കിസ്ഥാന്‍ വീണ്ടും ഭാഗികമായി അടച്ചു.
ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് വ്യോമപാത അടച്ചത്. സെപ്റ്റംബര്‍ അഞ്ച് വരെയാണ് വ്യോമമേഖല പാക്കിസ്ഥാന്‍ അടച്ചത്. ഇതോടെ, ഇന്ത്യയിലേയ്ക്ക് വരികയും പോകുകയും ചെയ്യുന്ന വിമാനങ്ങള്‍ക്ക് 12 മിനിറ്റ് അധികം പറക്കേണ്ടതായി വരും.
പാക് ആകാശപാതയിലൂടെ 50ഓളം വിമാനങ്ങള്‍ പറക്കുന്നുണ്ട്. യു.എസ്, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനങ്ങളാണ് ഇവ.
അതേസമയം, വിമാനങ്ങള്‍ തിരിച്ചുവിടാന്‍ നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഒപ്പം പാക് നടപടി ഇന്ത്യയെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
ഫെബ്രുവരി 26ന് പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് ശേഷവും പാക് ഇതേ നടപടി സ്വീകരിച്ചിരുന്നു. ശേഷം ജൂലൈ 16നാണ് വ്യോമപാത തുറന്നത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കിയിരുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയോട് രാജ്യം വിടണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. കൂടാതെ, ഇന്ത്യയില്‍ ഹൈക്കമ്മീഷണര്‍ വേണ്ടെന്നും പാക്കിസ്ഥാന്‍ തീരുമാനിച്ചു. ഇന്ത്യയിലെ നിയുക്ത ഹൈക്കമ്മീഷണര്‍ ചുമതലയേല്‍ക്കേണ്ടെന്നാണ് നിര്‍ദ്ദേശം.









