മണിയറയില്‍ നിന്നും മണ്ണറയിലേക്ക്: ന്യൂ ജനറേഷന്‍ കല്യാണ റാഗിംഗുകാര്‍ അറിയാന്‍

തമാശക്ക് വേണ്ടി കല്യാണ റാഗിംഗുകാരായ സുഹൃത്തുക്കള്‍ ചെയ്ത ക്രൂര വിനോദം കാരണം ആദ്യരാത്രി തന്നെ മണിയറയില്‍ നിന്നും മണ്ണ റയിലേക്ക് പോകാന്‍ വിധിയുണ്ടായ നവദമ്പതികളുടെ കണ്ണീരണിഞ്ഞ കഥയാണ് ചുവടെ.

കല്യാണ വീട് ലക്ഷ്യമാക്കി ആളുകള്‍ പരന്നൊഴുകുകയാണ്. വീട്ടിലേക്കുള്ള ഇടുങ്ങിയ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര കാണാം. ആ തിരക്കിനിടയിലും തലങ്ങും വിലങ്ങും ചെവി തുരക്കുന്ന ഹോണടിയോടെ അലക്ഷ്യമായി ബൈക്കില്‍ കുതിക്കുന്ന freekenz
പന്തലിന്റെ കവാടത്തിനോട് ചേര്‍ന്ന് വരന്‍ ഫിറോസും ഉപ്പ സലിം ഹാജിയും അതിഥികളെ സസന്തോഷം സ്വീകരിച്ച് ഭക്ഷണപ്പുരയിലേക്ക് അയക്കുന്നു. മട്ടന്‍ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും കബ്സയും തുടങ്ങി പല പല വിഭവങ്ങളോട് കൂടിയ ഒരു വന്പന്‍ സദ്യ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് സ്റ്റീല്‍ ബിസിനെസ്സ് നടത്തുന്ന സലീം ഹാജിയുടെ വീട്ടിലെ കല്യാണമല്ലേ… ഒന്നിനും ഒരു കുറവുമുണ്ടാവരുതെന്ന് ഹാജിക്ക് നല്ല നിര്ബന്ധമുണ്ടായിരുന്നു.

അക്കരത്തെങ്ങിലെ ഗള്‍ഫുകാരന്‍ നസീറിന്റെ മൂത്ത മകളാണ് ഫിറോസിന്റെ നവവധു. തറവാട്ടിലെ ആദ്യ കല്യാണത്തിന്റെ എല്ലാ ആഡംന്പരവും നിറഞ്ഞ ചടങ്ങ്. എടുക്കാവുന്നതിലേറെ പൊന്നും പുടവയുമായി മണവാട്ടി നിഷാ ഫാത്തിമ. ആഘോഷത്തിമിര്‍പ്പുകളുടെ ആനന്ദലഹരിയില്‍ ആ മംഗലം പൊടിപൊടിച്ചു.

കല്ല്യാണ ചടങ്ങുകളെല്ലാം കഴിഞ്ഞ് പെണ്ണുമായി വീട്ടിലെത്തിയപ്പോഴേക്കും സന്ധ്യയായിരുന്നു. വളരെ മംഗളമായും ഭംഗിയായും കല്ല്യാണം ആദ്യാവസാനം വരെ നടത്താന്‍ കഴിഞ്ഞതില്‍ സലീം ഹാജിയും കുടുംബവും ഏറെ സന്തോഷിച്ചു. ഒരു ചെറിയ പാകപ്പിഴ പോലും വരുത്താതെ കൃത്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്ത സുഹൃത്തുക്കളെ ഫിറോസ് പ്രത്യകം അഭിനന്ദനങ്ങള്‍ അറിയിച്ചു.

നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളിലും സാമൂഹ്യ സേവനങ്ങളിലും നിറ സാന്നിദ്ധ്യമായിരുന്നത് കൊണ്ട് തന്നെ പുതിയാപ്പിള ഫിറോസിന് ഒരു വലിയ സൗഹൃദവലയം ഉണ്ടായിരുന്നു. എല്ലാ നാട്ടിലെയും പോലെ കല്യാണ റാഗിങ്ങുകളും, പാര പണിയലുകളുമെല്ലാം ചേലത്തൂരിലും ചെറുപ്പക്കാര്‍ക്കിടയിലും ഒരു വിനോദമായിരുന്നു.. അത് കൊണ്ട് തന്നെ സുഹൃത്തുക്കളില്‍ നിന്നും വല്ല കുസൃതികളോ മറ്റോ ഉണ്ടാകുമെന്ന് ഫിറോസിന് ഒരു മുന്‍ധാരണയുണ്ടായിരുന്നു. എന്നാല്‍ അത് പോലോത്ത ഒരു അലന്പുകളും നടത്തി ബുദ്ധിമുട്ടിക്കാത്ത തന്റെ സുഹൃത്തുക്കളെ ഓര്‍ത്തപ്പോള്‍ ഫിറോസിന് അഭിമാനം തോന്നി.

നാഴികകള്‍ ഇഴഞ്ഞു നീങ്ങി, ഒരു ചിരകാലാഭിലാഷത്തിന്റെ പൂര്‍ത്തീകരണത്തിന് വധൂവരന്മാരുടെ മെയ്യും മനസ്സും ദാഹിച്ചിരിക്കുന്നു. മുല്ലപ്പൂവിന്റെ ഗന്ധം പരത്തി മൈലാഞ്ചി കൈകളില്‍ മുഖം പൂഴ്ത്തി കട്ടിലിന്റെ ഒരറ്റത്തിരിക്കുന്ന മണവാട്ടി. കാലങ്ങളായി കിനാവ് കണ്ടിരുന്ന ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തം വന്നു .

കല്ല്യാണ ദിവസത്തെ ഉറക്കക്കുറവും ക്ഷീണവും കൊണ്ട് തന്നെ വീട്ടുകാരെല്ലാം നേരത്തെ ഉറക്കം പിടിച്ചിരുന്നു. കല്ല്യാണം കഴിഞ്ഞ വീടിന്റെ ചിട്ടയില്ലായ്മ പലരെയും പലയിടത്തായി കിടത്തി. ഹാളില്‍ കിടന്നിരുന്ന സലീം ഹാജി നല്ല ഉറക്കമായിരിക്കുന്നു. പെട്ടെന്നൊരു അലര്‍ച്ച… അത് വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെട്ടപ്പോഴേക്കും പരിഭ്രാന്തനായി ഹാജി ഉണര്‍ന്നു. ‘ഫിറോസ് മോന്റെ മുറീന്നല്ലേ അത്’….. എന്താ മോനെ എന്താ…’ എന്ന് ഉറക്കെ വിളിച്ച് കൊണ്ട് ഹാജി മുകളിലേക്കോടി… വീട് മുഴുവന്‍ ഉണര്‍ന്നു. പൂട്ടിക്കിടക്കുന്ന വാതിലിന് മുന്പില്‍ നിന്ന് ഹാജിയും കുടുംബവും അലറി വിളിച്ചു… ഉത്തരമില്ല… സര്‍വ്വ ശക്തിയുമെടുത്ത് വാതില്‍ ചവിട്ടി പൊളിച്ചു. അകത്ത് കണ്ട കാഴ്ച്ച ഭയാനകമായിരുന്നു. പുകപടലം കൊണ്ട് നിറഞ്ഞ മുറി, air hole ന് ഉള്ളിലൂടെ കട്ടിലിലേക്ക് ശക്തിയായി ചീറ്റിക്കൊണ്ടിരിക്കുന്ന വെള്ളം, മുറിയും കവിഞ്ഞു ബാത്ത് റൂമിലേക്കൊഴുകുന്ന വെള്ളത്തില്‍ ചലനമില്ലാതെ കിടക്കുന്ന ദന്പതികള്‍…. ഒലിച്ചിറങ്ങുന്ന വെള്ളത്തില്‍ ചവിട്ടിയവരെല്ലാം ഷോക്കേറ്റ് തെറിച്ചു വീഴുന്നു…. ആ വീട്ടില്‍ കൂട്ട നിലവിളി ഉയര്‍ന്നു. നാടും നാട്ടുകാരും ആ വീട്ടിലേക്ക് ഓടിക്കൊണ്ടിരുന്നു. കല്ല്യാണ വീട് ഒന്ന് ഇരുട്ടിയപ്പോഴേക്കും ദുരന്ത വീടായി മാറിക്കഴിഞ്ഞു.

നേരം വെളുത്തപ്പോഴേക്കും ആശുപത്രിക്ക് മുന്നില്‍ ചേലത്തൂര്‍ ഗ്രാമവും, അക്കരത്തെങ്ങ് നിവാസികളും പാഞ്ഞെത്തിയിരുന്നു. എല്ലാവരും ദുരന്ത വാര്‍ത്തയറിഞ്ഞു വിറങ്ങലിച്ച് നില്‍ക്കുകയാണ്. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലെ നൂല്‍പാലത്തില്‍ അള്ളിപ്പിടിച്ച് ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ഇണക്കിളികളുടെ വിവരങ്ങള്‍ സശ്രദ്ധം അവര്‍ ശ്രവിച്ചു കൊണ്ടിരുന്നു.

നവദന്പതികള്‍ക്ക് നേരെ നടന്ന കല്ല്യാണ റാഗിംങ്ങുകാരുടെ ക്രൂരവിനോദത്തിന്റെ കഥ നാടെങ്ങും ഉള്‍ക്കിടിലത്തോടെയാണ് ശ്രവിച്ചത്. തോട്ടം നനക്കുന്ന പൈപ്പ് air hole ന് ഉള്ളിലൂടെ അകത്തേക്ക് തിരുകി പന്പ് സെറ്റ് ഓണ്‍ ചെയ്തതാണത്രേ… രണ്ടിഞ്ച് പൈപ്പിനുള്ളിലൂടെ ബെഡിലേക്ക് ശക്തിയായി പ്രവഹിച്ച വെള്ളം നിമിഷ നേരം കൊണ്ട് മുറിയാകെ പരന്നൊഴുകി. മണിയറയില്‍ ഘടിപ്പിച്ച അലങ്കാര ബള്‍ബുകള്‍ പൊട്ടിച്ചിതറി, ഒലിച്ചിറങ്ങുന്ന വെള്ളം മുഴുവന്‍ വൈദ്യുതി പ്രവഹിച്ചു. ഷോക്കേറ്റ നവ ദന്പതികള്‍ തെറിച്ചു വീണു. മുറി മുഴുവനും വ്യാപിച്ച വൈദ്യുത തരംഗങ്ങള്‍ക്കിടയില്‍ നിഷ്‌കളങ്കരായ രണ്ട് ജീവനുകള്‍ പിടഞ്ഞു. പണി കൊടുത്തവര്‍ക്ക് പോലും തിരിച്ചു പിടിക്കാന്‍ കഴിയാത്ത രൂപത്തില്‍ കൈവിട്ടു പോയിരുന്നു.. നാടെങ്ങും കല്ല്യാണ റാഗിങ്ങുകാരുടെ ചെയ്തികള്‍ക്കെതിരെ ജനരോഷമിരന്പി. കൃത്യത്തില്‍ പങ്കെടുത്ത നാലഞ്ച് പേരില്‍ നിയമത്തിന്റെ വിലങ്ങ് വീണു. പ്രതികള്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തി. പക്ഷെ ഇതൊന്നും ആ രണ്ട് കുടുംബങ്ങളുടെ നിലവിളികള്‍ക്ക് പരിഹാരമായിരുന്നില്ല.

ചേലത്തൂര്‍ ഗ്രാമത്തെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത പരന്നു. പുതുമണവാളന്‍ യാത്രയായിരിക്കുന്നു. ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നാട്ടിലെ സുപരിചിതനും പ്രിയങ്കരനുമായ ഫിറോസിന്റെ വിയോഗം അക്ഷരാര്‍ത്ഥത്തില്‍ നാടിനെ നടുക്കിക്കളഞ്ഞു. തന്റെ പ്രിയതമയുമായി ഒരു ദിനം പോലും പങ്കുവെക്കാന്‍ കഴിയാതെ വിധിക്ക് മുന്പില്‍ കീഴടങ്ങിയ അവനെയോര്‍ത്ത് ജനം വിതുന്പി. ചേതനയറ്റ ഫിറോസിന്റെ മൃതദേഹത്തിന് മുന്പില്‍ ആ നാട് കണ്ണീരോടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പുതിയാപ്പിളയുടെ മയ്യിത്ത് ഒരു നോക്ക് കാണാന്‍ ജനം തിക്കും തിരക്കും കൂട്ടി. മണിയറയില്‍ ഒരന്തിയുറങ്ങാന്‍ പോലും വിധിയില്ലാത്ത അവനെ ശോകമൂകമായ അന്തരീക്ഷത്തില്‍ പതിയെ മണ്ണറ ഏറ്റുവാങ്ങി.

ആ ദുരന്തം കഴിഞ്ഞ് ഇപ്പോള്‍ ഒരാണ്ട് പിന്നിട്ടിരിക്കുന്നു. കാലം നീട്ടിക്കൊണ്ട് പോയ അവളുടെ ആയുസ്സിനും കുരുക്ക് വീണിരിക്കുന്നു. അബോധാവസ്ഥയില്‍ കിടന്ന ആ ശരീരത്തില്‍ നിന്നും ജീവന്‍ ഇറങ്ങിപ്പോയത് ആരുടെയൊക്കെയോ പ്രാര്‍ത്ഥന കൊണ്ടായിരിക്കാം, അത്രക്ക് ദയനീയമായിരുന്നു കിടപ്പ്

മൃതദേഹം വഹിച്ചു കൊണ്ടുള്ള ആംബുലന്‍സ് മുറ്റത്ത് നിന്നും മെയിന്‍ റോഡിലേക്ക് കടന്നു. വീടിനുള്ളില്‍ നിന്നും ചെറിയ ചെറിയ തേങ്ങലുകള്‍ കേള്‍ക്കാമായിരുന്നു. മകളുടെ വിയോഗത്തില്‍ വലിയൊരു വിഷമമൊന്നും നസീറിന്റെ മുഖത്ത് പ്രകടമായിരുന്നില്ല. ദുരന്ത ദിവസം മുതല്‍ ഇന്നലെ വരെ അയാളും കുടുംബവും അനുഭവിച്ച വേദനകളേക്കാള്‍ വലുതല്ല ഇന്നവളുടെ മരണം. മകളുടെ ജീവന്‍ തിരിച്ചു കിട്ടാന്‍ സര്‍വ്വ സന്പാദ്യവും ചിലവഴിച്ച ആ വാപ്പ വിധിയോട് പൊരുത്തപ്പെട്ടിരിക്കുന്നു. പ്രിയപ്പെട്ട മകളുടെ മൃതദേഹത്തിന്റെ വശം ചേര്‍ന്ന് മൂകനായി അയാള്‍ ഇരുന്നു. ആംബുലന്‍സ് ചേലത്തൂര്‍ ലക്ഷ്യമാക്കി നീങ്ങികൊണ്ടിരുന്നു.

മകളെ ചേലത്തൂര്‍ ഖബ്റിസ്ഥാനില്‍ തന്നെ മറവ് ചെയ്യണമെന്ന് അയാള്‍ക്ക് നിര്ബന്ധമുണ്ടായിരുന്നു. സ്വന്തം നാട്ടിലെ ഖബറിസ്ഥാനിനേക്കാള്‍ അവള്‍ക്ക് അനുയോജ്യം ചേലത്തൂര്‍ ആയിരിക്കും എന്ന് അയാള്‍ വിശ്വസിച്ചു. മണിയറയില്‍ ഒരുമിക്കാന്‍ വിധിയില്ലാതെ പോയ ദന്പതിമാര്‍ക്ക് മണ്ണറയെങ്കിലും ഒരുമിച്ചായില്ലെങ്കില്‍ അത് അവരോട് ചെയ്യുന്ന ക്രൂരതയായിട്ട് അയാള്‍ക്ക് തോന്നി.

ചേലത്തൂര്‍ ഖബറിസ്ഥാനിലെ ഒരറ്റത്ത് ഏകനായി കിടന്ന ഫിറോസിന്റെ ഖബറിടത്തിനോട് ചേര്‍ന്നൊരുക്കിയ മണ്ണറയിലേക്ക് അവളുടെ ദേഹവും വെക്കപ്പെട്ടു. ശിലയില്‍ കൊത്തിയെടുത്ത മീസാന്‍ കല്ലില്‍ ആ പേരും എഴുതപ്പെട്ടു ‘നിഷാ ഫാത്തിമ’. അന്ന് ഒരു കല്ല്യാണ റാഗിങ്ങുകാരുടെയും അലങ്കോലങ്ങളില്ലാത്ത ഇരുട്ടറയില്‍ അവര്‍ അവരുടെ ആദ്യ രാത്രി പങ്കിട്ടു.

*കല്ല്യാണ റാഗിങ്ങുകാരുടെ കഥ പറയുന്ന രണ്ട് മീസാന്‍ കല്ലുകള്‍ ചേലത്തൂര്‍ പള്ളിക്കാട്ടില്‍ ആര്‍ക്കും കാണാവുന്ന തരത്തില്‍ ഇന്നും തല ഉയര്‍ത്തി നില്‍ക്കുന്നു*

‘തമാശകള്‍ ആവാം.. പക്ഷെ പിന്നീടെന്ത് എന്താവും എന്ന ഉത്തമ ബോധ്യത്തോടെയാവട്ടെ എല്ലാം”

(കടപ്പാട്: വാട്ട്‌സ് ആപ്പ് & ഫേസ്ബുക്. ഫോട്ടോ യാഥാര്‍ത്ഥമല്ല.)