അറബ് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍ തള്ളി ഖത്തര്‍; രാജ്യത്തിന്റെ പരമാധികാരത്തിനുമേലുള്ള കടന്നു കയറ്റം അനുവദിക്കില്ല
ഖത്തറിനെതിരായ ഉപരോധം പിന്‍വലിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച ഉപാധികള്‍ നടപ്പാക്കുന്നതിനുളള സമയ പരിധി അവസാനിക്കാനിരിക്കെ ഉപാധികള്‍ തള്ളി ഖത്തര്‍. രാജ്യത്തിന്റെ പരമാധികാരത്തിനുമേലുളള കടന്നു കയറ്റമാണ സൗദി അടക്കമുളള അറബ് രാഷ്ട്രങ്ങളുടെ നടപടിയെന്ന് ഖത്തര്‍ ചൂണ്ടിക്കാണിച്ചു.
ഉപരോധം നീക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ മുന്നോട്ട് വെച്ച പതിമൂന്ന് ഉപാധികളും തള്ളുകയാണെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ക് മൊഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി പറഞ്ഞു. ഒരു മാസം മുമ്പാണ് സൗദിയും അനുകൂല രാജ്യങ്ങളും ഖത്തറിനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്.
അല്‍ ജസീറ ടെലിവിഷന്‍ അടച്ചു പൂട്ടുന്നതുള്‍പ്പടെയുളള ആവശ്യങ്ങള്‍ ഏകപക്ഷീയമായി അംഗീകരിക്കണമെന്ന നിലപാടാണ് ജി.സി.സി. രാജ്യങ്ങള്‍ സ്വീകരിച്ചത്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഖത്തറിന് 10 ദിവസത്തെ സമയം അനുവദിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്ന കുവൈത്ത് മുഖേനെയാണ് ജി.സി.സി. രാജ്യങ്ങള്‍ ഉപാധിപട്ടിക നല്‍കിയത്.
അല്‍ ജസീറ പൂട്ടുക, ഇറാനുമായുളള ബന്ധം അവസാനിപ്പിക്കുക, തുര്‍ക്കിക്ക് സൈനിക കേന്ദ്രം ഒരുക്കാനുളള നടപടി അവസാനിപ്പിക്കുക, തീവ്രവാദ ബന്ധമുളള സംഘടനകള്‍ക്കും വ്യക്തികള്‍ക്കും നല്‍കുന്ന പിന്തുണ പിന്‍വലിക്കുക എന്നിവയായിരുന്നു പട്ടികയിലെ പ്രധാന ആവശ്യം. ജി.സി.സി. കൂട്ടായ്മയില്‍ നിന്ന് ഖത്തറിനെ പുറത്താക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാനുളള സാധ്യത നിലനില്‍ക്കുന്നുണ്ട്. തങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന വാണിജ്യ പങ്കാളികളോട് ഖത്തറുമായി അകലം പാലിക്കാന്‍ നിര്‍ദേശിക്കുമെന്ന് യു.എ.ഇ. സൂചന നല്‍കിയിരുന്നു.