ഇന്ത്യക്കാരായ മുന്‍ നാവികരുടെ വധശിക്ഷ; നിയമസഹായം കേന്ദ്രം നല്‍കും

നാവിക സേന മുന്‍ ഉദ്യോഗസ്ഥരുടെ വധശിക്ഷയ്‌ക്കെതിരെ കുടുംബങ്ങള്‍ ഖത്തര്‍ അമീറിന് മാപ്പപേക്ഷ നല്കിയേക്കും. നാവികരുടെ മോചനത്തിനായി സ്വീകരിക്കേണ്ട നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. തടവുകാരെ പരസ്പരം കൈമാറാനുള്ള കരാര്‍ പ്രകാരം ഇവരെ മടക്കി അയക്കാനുള്ള നിര്‍ദ്ദേശം വയ്ക്കുന്നതും ഇന്ത്യയുടെ പരിഗണനയിലുണ്ട്.

എട്ടു നാവികസേന ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ കോടതി വധശിക്ഷ നല്കിയ ശേഷമുള്ള സാഹചര്യമാണ് പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തിയത്. ഇന്ത്യയ്ക്ക് മുന്നിലുള്ള വഴികള്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ ഉദ്യോഗസ്ഥരും വിശദീകരിച്ചു. ഖത്തര്‍ കോടതി വിധിക്കെതിരെ അപ്പീല്‍ നല്കുക എന്ന വഴിയാണ് ഇന്ത്യ ആദ്യം തേടുന്നത്. അപ്പീല്‍ കോടതി വധശിക്ഷ ഒഴിവാക്കും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ 25 കൊല്ലത്തില്‍ രണ്ടു തവണ മാത്രമാണ് ഖത്തര്‍ വധശിക്ഷ നടപ്പാക്കിയിട്ടുള്ളത്. അപ്പീല്‍ നല്കുന്നതിന് മുതിര്‍ന്ന മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള സഹായം ഇന്ത്യ നല്കും. ചില നാവികരുടെ കുടുംബങ്ങള്‍ നിലവില്‍ ഖത്തറിലുണ്ട്. ഇവരുമായി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ സംസാരിച്ചു. ഖത്തര്‍ അമീറിന് കുടുംബങ്ങള്‍ മാപ്പപേക്ഷ നല്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. സാധാരണ റംസാന്‍ സമയത്ത് അമീര്‍ ഇത്തരം അപേക്ഷകള്‍ പരിഗണിക്കാറുണ്ട്. കോടതികള്‍ ശിക്ഷിച്ചാലും ഇത് ഒഴിവാക്കാനുള്ള അധികാരം അമീറിനുണ്ട്. അതിനാല്‍ പ്രധാനമന്ത്രിയുടെ തലത്തില്‍ ചര്‍ച്ച നടന്നാല്‍ വിഷയം പരിഹരിക്കാനാവും എന്ന പ്രതീക്ഷയുമുണ്ട്.

ഖത്തര്‍ ഒരു തരത്തിലും വഴങ്ങുന്നില്ലെങ്കിലേ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പോകുന്നത് പോലുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കൂ. ഇന്ത്യയ്ക്കും ഖത്തറിനുമിടയില്‍ തടവുകാരെ പരസ്പരം കൈമാറാനുള്ള കരാറുണ്ട്. വധശിക്ഷ ഒഴിവാക്കി തടവുശിക്ഷ മാത്രമാക്കിയാല്‍ നാവികരെ ഇന്ത്യയിലേക്ക് കൊണ്ടു വരാനുള്ള നീക്കങ്ങള്‍ക്ക് സാധ്യത തെളിയും. ഇസ്രയേലിന് വിവരങ്ങള്‍ ചോര്‍ത്തിയതാണ് ഖത്തര്‍ ആരോപിക്കുന്ന കുറ്റമെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷം നടക്കുന്ന സമയത്തുള്ള ഈ വധശിക്ഷ അതിനാല്‍ ഇന്ത്യയ്ക്ക് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുകയാണ്.