മന്ത്രിമാരുടെ പട്ടികയായി: കോണ്‍ഗ്രസിന് 11 മന്ത്രിമാര്‍, ലീഗിന് 5; തിരുവഞ്ചൂര്‍ സ്പീക്കര്‍
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ പട്ടികയായി. ലോക്ഭവനിലെത്തി സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ മന്ത്രിമാര്‍ ആരൊക്കെയാണെന്ന് പ്രഖ്യാപിച്ചു. വി.ഡി.സതീശന്‍ ധനം, തുറമുഖം, നിയമം എന്നീ വകുപ്പുകളും, രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലന്‍സ് എന്നീ വകുപ്പുകളും, സണ്ണി ജോസഫ് റവന്യൂ വകുപ്പും, എ.പി.അനില്‍കുമാര്‍ ആരോഗ്യം കൈകാര്യം ചെയ്യും.
കോണ്‍ഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ലീഗിന് 5 മന്ത്രിമാരുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറുമാകും. തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അപു ജോണ്‍ ജോസഫ് ഗവണ്‍മെന്റ് ചീഫ് വിപ്പാകും. യുഡിഎഫ് മന്ത്രിസഭയില്‍ 14 പുതുമുഖങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്.
കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎല്‍എ ആയ മാണി സി കാപ്പനും മന്ത്രിസ്ഥാനം രണ്ടര വര്‍ഷം പങ്കിടും. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീര്‍, എന്‍. ഷംസുദ്ദീന്‍, കെ.എം. ഷാജി, വി.ഇ. അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ലീഗിന്റെ മന്ത്രിമാര്‍. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പാറക്കല്‍ അബ്ദുള്ള മന്ത്രിയാകും.
കേരള കോണ്‍ഗ്രസില്‍ നിന്ന് മോന്‍സ് ജോസഫ് മന്ത്രിയാകും. ആര്‍എസ്പിയില്‍ നിന്ന് ഷിബു ബേബി ജോണും സിഎംപിയിലെ സി.പി. ജോണും മന്ത്രിയാകും. മുഖ്യമന്ത്രി അടക്കം 21 പേര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.
പ്രധാന നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പട്ടിക തയാറാക്കിയതെന്നും അര്‍ഹതപ്പെട്ട ഒരുപാട് പേരെ ഉള്‍ക്കൊള്ളിക്കാനായില്ലെന്നും നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് മന്ത്രിമാര്‍
വി.ഡി.സതീശന്‍ – ധനം, തുറമുഖം, നിയമം
രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്
സണ്ണി ജോസഫ് – റവന്യൂ
എ.പി.അനില്‍കുമാര്‍ – ആരോഗ്യം
കെ.മുരളീധരന്‍ – വൈദ്യുതി
പി.സി.വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം
എം.ലിജു – എക്സൈസ്, സഹകരണം
ടി.സിദ്ദിഖ് – വനം
ബിന്ദു കൃഷ്ണ – വനിത, ശിശുക്ഷേമ വകുപ്പ്
ഒ.ജെ.ജനീഷ് – യുവജനക്ഷേമം
റോജി എം. ജോണ്‍ – ഉന്നത വിദ്യാഭ്യാസം
കെ.എ.തുളസി, ഐ.സി.ബാലകൃഷ്ണന്‍ (ടേം വ്യവസ്ഥ) – എസ് സി, എസ്ടി വകുപ്പ്
അതിനിടെ, സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവന്‍. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോക്കോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നുവെങ്കിലും വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്ന് ലോക്ഭവന്‍ നിര്‍ദേശം നല്‍കി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തില്‍ കര്‍ശന ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിലേക്ക് വന്‍ ജനപ്രവാഹം പ്രതീക്ഷിക്കുന്നതിനാല്‍, രാവിലെ 7 മണി മുതല്‍ തന്നെ നഗരത്തില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഉണ്ടാകും.






