കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വി.ഡി.സതീശന്‍ മന്ത്രിസഭയിലെ 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ 14 പേര്‍ പുതുമുഖങ്ങളാണ്. രാവിലെ 10ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. കോണ്‍?ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍?ഗെയും രാഹുല്‍ ?ഗാന്ധിയും പ്രിയങ്ക ?ഗാന്ധിയും സത്യപ്രതിജഞ ചടങ്ങിനെത്തി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ.ശിവകുമാര്‍, രേവന്ത് റെഡ്ഡി എന്നിവരും ചടങ്ങില്‍ പങ്കെടുക്കാനെത്തി.

മുഖ്യമന്ത്രി വി.ഡി.സതീശന് പുറമെ പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരന്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോണ്‍, സി.പി.ജോണ്‍, അനൂപ് ജേക്കബ്, എ.പി.അനില്‍കുമാര്‍, ബിന്ദു കൃഷ്ണ, പി.സി.വിഷ്ണുനാഥ്, എം.ലിജു, ടി.സിദ്ദിഖ്, റോജി എം.ജോണ്‍, ഒ.ജെ.ജനീഷ്, കെ.എ.തുളസി, പി.കെ.ബഷീര്‍, എന്‍.ഷംസുദ്ദീന്‍, കെ.എം.ഷാജി, വി.ഇ.അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.

മന്ത്രിസഭയില്‍ കോണ്‍ഗ്രസിന് 11 മന്ത്രിമാരാണുള്ളത്. ലീഗിന് 5 മന്ത്രിമാരുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറുമാകും. തൊടുപുഴ നിയോജക മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അപു ജോണ്‍ ജോസഫ് ഗവണ്‍മെന്റ് ചീഫ് വിപ്പാകും.

സത്യപ്രതിജ്ഞ ചടങ്ങ് വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രമേ പാടുള്ളൂവെന്ന് ലോക്ഭവന്‍ നിര്‍ദേശിച്ചിരുന്നു. ലോക്‌സഭ പ്രതിപക്ഷ നേതാവും ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാരുമുണ്ടെന്ന് പ്രോട്ടോക്കോള്‍ വിഭാഗം ഗവര്‍ണറെ അറിയിച്ചിരുന്നുവെങ്കിലും വേദിയില്‍ മറ്റുള്ളവര്‍ പാടില്ലെന്ന് ലോക്ഭവന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, വിവിഐപികള്‍ക്കും വേദിയില്‍ ഇരിപ്പിടം വേണമെന്ന് സര്‍ക്കാര്‍ ലോക്ഭവനോട് ആവശ്യപ്പെട്ടിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ യാത്രാസമയം മുന്‍കൂട്ടി ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. ഗതാഗത വിവരങ്ങള്‍ക്ക് 04712558731, 9497930055 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.