നിമിഷപ്രിയയുടെ മോചന സാധ്യത തലാലിന്റെ കുടുംബത്തിന്റേതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍

ദില്ലി: നിമിഷപ്രിയയുടെ മോചനത്തിനുള്ള സാധ്യത അടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. കൊല്ലപ്പെട്ട തലാലിന്റെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീര്‍പ്പിനുള്ള ചര്‍ച്ചകള്‍ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും വ്യക്തമാക്കി.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ വാര്‍ത്ത വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചുവെന്നും ദയാഹര്‍ജി തള്ളിക്കളഞ്ഞു എന്നുമുള്ള വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. ഒരു മാസത്തിനുള്ളില്‍ നടപ്പാക്കും എന്ന സൂചനയും പുറത്തുവന്നിരുന്നു. യെമന്‍ പ്രസിഡന്റാണ് വധശിക്ഷയ്ക്ക് അനുമതി നല്‍കിയത്.

അതേസമയം നിമിഷപ്രിയയുടെ കാര്യത്തില്‍ പ്രതീക്ഷകള്‍ അസാനിച്ചിട്ടില്ലെന്ന് യെമനില്‍ നിമിഷയുടെ മോചനത്തിനായി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവര്‍ത്തന്‍ സാമുവല്‍ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും ഒരു ഇന്ത്യക്കാരിയ യെമന്‍ മണ്ണില്‍ക്കിടന്നു മരിക്കാതിരിക്കാന്‍, അവസാനം വരെ പ്രവര്‍ത്തിക്കുമെന്നും സാമുവല്‍ ജെറോം പറഞ്ഞു.

2017ലാണ് യെമന്‍ പൗരന്‍ കൊല്ലപ്പെട്ടത്. 2018 ല്‍ വധശിക്ഷ വിധിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കുക മാത്രമാണ് നിമിഷപ്രിയയുടെ മോചനത്തിനായി ഇനി മുന്നിലുള്ള ഏക വഴി. നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണായക തീരുമാനം പുറത്ത് വന്നിരിക്കുന്നത്. വധശിക്ഷയ്ക്കെതിരായ അപ്പീല്‍ 2022ല്‍ തള്ളിയിരുന്നു. വധശിക്ഷ പരമോന്നത കോടതി കഴിഞ്ഞ വര്‍ഷം ശരിവെയ്ക്കുകയും ചെയ്തിരുന്നു.