കെ സുധാകരന്‍ പണം വാങ്ങി കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ജിഷ്ണുവിന്റെ കുടുംബം
പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം. പണം വാങ്ങി കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് സുധാകരന്‍ കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ജിഷ്ണു പ്രണോയിയുടെ അച്ഛന്‍ പറഞ്ഞു.
വ്യാജ ആത്മഹത്യക്കുറിപ്പ് തയ്യാറാക്കിയതില്‍ കെ. സുധാകരന് പങ്കുണ്ട്. കെ. സുധാകരന്‍ ഈ കേസുമായി ബന്ധപ്പെട്ട് എല്ലാ വിഷയത്തിലും ഇടപെടുന്നുണ്ടെന്നും സുധാകരനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസ് പിന്‍വിലിക്കാന്‍ സുധാകരന്‍ ആവശ്യപ്പെട്ടത് തെറ്റെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു. ചൊവ്വാഴ്ച്ച വിദ്യാര്‍ത്ഥിയായ ഷമീര്‍ ഷൗക്കത്തലിയെ മര്‍ദ്ദിച്ചെന്ന കൃഷ്ണദാസിനെതിരായ പരാതി ഒത്തുതീര്‍ക്കാന്‍ സുധാകരന്‍ പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. നെഹ്‌റു കോളേജ് ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെയും സഹോദരനും പരാതിക്കാരനായ വിദ്യാര്‍ത്ഥിയും സുധാകരന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.







