പി സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്

സോളാര്‍ പ്രതിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച പി സി ജോര്‍ജിനെ പിന്തുണച്ച് കോണ്‍ഗ്രസ്. പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി ഉളുപ്പില്ലാത്ത ആളാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വിമര്‍ശിച്ചു. സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ലെന്ന് കെ സുധാകരന്‍ ചോദിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാംപിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശങ്ങള്‍. പിടിക്കപ്പെടുമെന്ന് ഉറപ്പുള്ള ഘട്ടങ്ങളിലെല്ലാം പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ദുരൂഹമായ പല സംഭവങ്ങളും ഉണ്ടാക്കുന്നതില്‍ അഗ്രഗണ്യനാണ് പിണറായി വിജയനെന്ന് സുധാകരന്‍ പറഞ്ഞു. ജനശ്രദ്ധ തിരിച്ചുവിടാന്‍, ബുദ്ധിശൂന്യനായ കണ്‍വീനറുടെ കയ്യില്‍ പടക്കം കൊടുത്തുവിടുമ്പോള്‍, അതയാളുടെ കൈയ്യില്‍ കിടന്നുതന്നെ പൊട്ടുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കേണ്ടതായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു.

ശ്രദ്ധതിരിക്കലിന്റെ രണ്ടാം ഘട്ടമായി, കൈയ്യിലെ അടുത്ത ആയുധമായ സോളാര്‍ കേസ് വിവാദ നായികയെയും അങ്ങ് രംഗത്തിറക്കിയിട്ടുണ്ട്. മൂന്നാംഘട്ടത്തില്‍, ഏത് സഖാവിനെ രക്തസാക്ഷിയാക്കിയാണ് താങ്കള്‍ പുകമറ സൃഷ്ടിക്കുകയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതെന്ന് സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോകുന്നതായി കെ സുധാകരന്‍ ക്യാംപില്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാത്രം 22 ശതമാനം പ്രവര്‍ത്തകര്‍ വിട്ടുപോയെന്ന് സുധാകരന്‍ പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്നില്ലെന്ന സ്വയം വിമര്‍ശനവും കെപിസിസി അധ്യക്ഷന്റെ ഭാഗത്തുനിന്നുമുണ്ടായി. പുതിയ രീതികള്‍ ഉപയോഗിച്ചാല്‍ മാത്രമേ തിരിച്ചുവരവ് സാധ്യമാകുവെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.