ഇനിയും പലചേരിയായി നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാര്‍ വരും; തിരുവഞ്ചൂര്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പല ചേരിയായി കോണ്‍ഗ്രസ് നിന്നാല്‍ മൂന്നാം പിണറായി സര്‍ക്കാരുണ്ടാകുമെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഐക്യത്തിനായി ത്യാഗം സഹിക്കാന്‍ എല്ലാവരും തയാറാകണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

ഒരു ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ പോവുകയാണ്. കോണ്‍ഗ്രസിന്റെ സംയുക്ത മുഖം കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സംസ്ഥാനത്തുള്ള മഹാഭൂരിപക്ഷം ആളുകളും. ചിലര്‍ അവരുടെ അഭിപ്രായങ്ങളും കോണ്‍ഗ്രസ് കോണ്‍ഗ്രസിന്റെ അഭിപ്രായങ്ങളും പറയാറുണ്ട്. കോണ്‍ഗ്രസ് അതിന്റെ പഴയ കാലത്തേക്ക് പോകണം. പഴയ കാലം എന്ന് പറയുന്നത് കോണ്‍ഗ്രസ് എല്ലാവരും ഒരുമിച്ച് നിന്നിരുന്ന കാലം. സാധാരണക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകന്റെ ചോദ്യം ഒരുമിച്ച് പോയിക്കൂടെ എന്നാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ദീര്‍ഘമായി പ്രതിപക്ഷത്ത് നില്‍ക്കുകയാണ്. നമ്മുടെ തലയില്‍ കയറി മെതിക്കുന്ന രൂപത്തിലേക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിശ്വരൂപം നടത്തുകയാണ്. അക്രമ സ്വഭാവം കാട്ടിക്കൂട്ടുകയാണ്. കേരളത്തില്‍ നമ്മളെ വിശ്വസിച്ച് നില്‍ക്കുന്നവരുണ്ട്. അവര്‍ അറബിക്കടലില്‍ മുങ്ങിത്താഴണോ, അത് അനുവദിക്കണോ, നമ്മളെയാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നു. രണ്ടാം പിണറായി സര്‍ക്കാരിലേക്കത് പടര്‍ന്നു. ഇനി മൂന്നാം പിണറായി സര്‍ക്കാരിലേക്ക് പോകാന്‍ പറ്റുമോ. ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ. ജനങ്ങള്‍ ഭരണമാറ്റം തന്നെയാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഈ പ്ലാറ്റ്‌ഫോം അതിലേക്ക് പറ്റുന്ന രീതിയില്‍ മാറ്റിയെടുക്കുക എന്നുള്ളത് കടമയാണ്. ആ കടമ നിറവേറ്റാന്‍ അങ്ങോട്ടും ഇങ്ങോട്ടും ത്യാഗം സഹിക്കണം. ആ ത്യാഗം സഹിക്കണമെന്നാണ് പറയാനുള്ളത്. അല്ലെങ്കില്‍ ചെറിയ ഗ്രൂപ്പുകളായി ദുര്‍ബലമായി പോവും. അതല്ല ജനങ്ങള്‍ ആഗ്രഹിക്കുന്നത്. എല്ലാവരും തുല്യരാണ്. സഹോദരന്‍മാര്‍. അല്ലാതെ വ്യത്യസ്ഥമായ സമീപനമുണ്ടാവരുത്. ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ കേരളം ഒന്നാകെ കരഞ്ഞു. ഈ സാഹചര്യത്തില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് പറയുന്നത്. അതിന് എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുള്ള നിലപാടെടുക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.