ഡല്‍ഹിയില്‍ പോത്തുവ്യാപാരികള്‍ക്ക് നേരെ ഗോരക്ഷാ സേനാ ആക്രമണം ; ഒരാളുടെ നില ഗുരുതരം

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പോത്തുകളെ വാഹനത്തില്‍ കൊണ്ടുപോയ ആറുപേര്‍ക്ക് അജ്ഞാത സംഘത്തിന്റെ മര്‍ദ്ദനം. മര്‍ദനത്തില്‍ ഒരാളുടെ നില ഗുരുതരമാണ്.പോത്തുകളെ വാഹനത്തില്‍ നിര്‍ത്തി കൊണ്ടു പോയതിനാണ് ഇവരെ ഗോരക്ഷപ്രവര്‍ത്തകര്‍ മര്‍ദിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.കന്നുകാലികളുമായി വന്ന വാഹനത്തിനു നേരെ കല്ലെറിയുകയും തുടര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തി അതിലുണ്ടായിരുന്നവരെ മര്‍ദിക്കുകയുമായിരുന്നു.സംഭവത്തിനു പിന്നില്‍ പ്രദേശവാസികള്‍ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പോത്തുകളെ കെട്ടഴിച്ചുവിട്ടു.

ഹരിയാന സ്വദേശിയായ ജൂനൈദിനെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് ട്രെയിനില്‍ കൊല്ലപ്പെടത്തിയതിന് പിന്നാലെയായിരുന്നു പശുവിന്റെ പേരിലുള്ള കൊലപാതകങ്ങല്‍ അംഗീകരിക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചത്, എന്നാല്‍ അത് ഖണ്ഡിക്കും വിധം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഝാര്‍ഖണ്ഡില്‍ പശുവിന്റെ പേരില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടിരുന്നു . ഗോസംരക്ഷണത്തിന്റെ പേരില്‍ പശു സംരക്ഷകര്‍ രാജ്യത്ത് വ്യാപക അക്രമം അഴിച്ചു വിടുകയാണ്. പശുവിന്റെ പേരില്‍ നിരപരാധികളായ ന്യൂനപക്ഷജനങ്ങളെയാണ് ഇവര്‍ ആക്രമണത്തിന് ഇരകള്‍ ആക്കുന്നത്.