ബ്ളാറ്ററുടെ ” അന്തകൻ “, അന്തരിച്ചു …!
ഡോ. മുഹമ്മദ് അഷ്‌റഫ്
മുൻ ഫീഫ പ്രസിഡന്റ് സെപ്പ് ബ്ളാറ്ററുടെ സകല ഇടപാടുകളും പുറത്തു കൊണ്ടു വന്നു ഫീഫ വിസൽബ്ലോവർ എന്ന പേര് നേടിയ ചക് ബ്ലേസർ അന്തരിച്ചു , എഴുപത്തുരണ്ടുകാരനായ അമേരിക്കയിൽ നിന്നുള്ള ഈ ഫീഫ വിമർശകൻ ഇന്ന് രാവിലെയാണ് മരണത്തിനു കീഴടങ്ങിയത് .കിറുക്കൻ എന്ന വിശേഷണം ഉണ്ടായിരുന്ന ഈ താടിക്കാരൻ ,വിമർശകൻ ആകും മുൻപ്, ലോക ഫുട്ബോൾ ഭരണസമിതിയിൽ പ്രവർത്തിച്ചിരുന്നു. 1996 മുതൽ,2013 വരെ ഫീഫയുടെ തന്നെ എക്സിക്യട്ടീവ് കമ്മറ്റി അംഗ വുംആയിരുന്നു.
ബ്ളാറ്റർക്കു മുൻപേ അഴിമതി ആരോപണങ്ങൾ നേരിട്ട ആളാണ് ഈ ന്യൂയോർക്കുകാരൻ എന്നതാണ് ഇക്കഥകളിലെ ഏറ്റവും വലിയ സവിഷേത .1 .7 മില്യൺ യൂറോയുടെ നികുതിവെട്ടിപ്പ് ആരോപിച്ചു ഇയാളെ ലോക ഫുട്ബോൾ സമിതി ആജീവനാന്ത വിലക്കേർപ്പറെടുത്തി സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു.
എന്നാൽ അതൊക്കെ സെപ്പ് ബ്ളാറ്റർക്കും കൂട്ടർക്കും എതിരായിട്ടുള്ള പോരാട്ടങ്ങൾക്ക് ലഭിച്ച ശിക്ഷയായിരുന്നു എന്നായിരുന്നു അയാളുടെ മറുപടി. ഒടുവിൽ അയാളുടെ ആരോപണങ്ങൾ ഒക്കെ ശരിയായിരുന്നു എന്നുവരുകയും അയാൾ പേരെടുത്തു പറഞ്ഞു പോരാടിയ ഫീഫ യിലെ വമ്പന്മാർ ഒന്നടങ്കം കുടുങ്ങുകയും, നിവൃത്തിയില്ലാതെ ബ്ളാറ്റർക്കുതന്നെ സ്ഥാനം വിട്ടൊഴിയേണ്ടിയും വന്നു . കടുത്ത പ്രമേഹ രോഗിയായിരുന്നു ഈ വിസിൽബ്ലോവർ. ചെറുകുടലിലെ അർബുദം ആയിരുന്നു മരണ കാരണം.